ന്യൂഡല്‍ഹി: 2018 ലെ ചരിത്ര വിധികളില്‍ ഒന്നാണ് ശബരിമല യുവതി പ്രവേശന വിധിയെന്ന് ശബരിമല ഭരണഘടനാ ബെഞ്ചിലെ അംഗം ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്. ബാര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ന്യൂ ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രഥമ ലോഏഷ്യ മനുഷ്യ അവകാശ കോണ്‍ഫെറന്‍സില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘2018 ലെ ചരിത്ര വിധികളില്‍ ഒന്നാണ് ശബരിമല യുവതി പ്രവേശന വിധി. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാന്‍ നമ്മുടെ കോടതി അനുമതി നല്‍കി. നേരത്തെ ആര്‍ത്തവ പ്രായത്തില്‍ ഉള്ള യുവതികള്‍ക്ക് അവിടെ പ്രവേശന വിലക്ക് ഉണ്ടായിരുന്നു. ഭരണഘടനയുടെ വിമോചനാത്മക ദര്‍ശനത്തെയാണ് ഇത് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും ഒരു മതവിഭാഗത്തിന്റ അവകാശമെന്നത്, അന്തസ്സോടെയും അഭിമാനത്തോടെയും ജീവിക്കാന്‍ സ്ത്രീകള്‍ക്ക് ഭരണഘടന ഉറപ്പുതരുന്ന 14,15 വകുപ്പുകള്‍ക്ക് ബാധകമായി മാത്രം നിലനില്‍ക്കുന്നതാണ്. മത സ്വാതന്ത്രമെന്നത് വ്യക്തി സ്വാതന്ത്ര്യത്തിന് വിധേയമാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് വ്യക്തമാക്കി.
ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധന ഹര്‍ജികളില്‍ ജുഡീഷ്യല്‍ ഉത്തരവ് വരുന്നതിന് മുമ്പ് തന്നെയാണ് പുന:പരിശോധനാ ഹര്‍ജികള്‍ വാദംകേട്ട ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് ചന്ദ്രചൂഡ് 2018 സെപ്റ്റംബറില്‍ യുവതി പ്രവേശനത്തിന് അനുമതി നല്‍കി കൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധിയെ ചരിത്ര വിധി എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്.