ബംഗളൂരു :കര്‍ണാടകയിലെ ജനതാദള്‍ എസ് എംഎല്‍എയ്ക്ക് കൂറുമാറാന്‍ യെദ്യൂരപ്പ കോഴ വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തില്‍ മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കര്‍ണാടക നിയമസഭ സ്പീക്കര്‍ ആര്‍ രമേഷ് കുമാറിന്റെ നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രിയുടെ നടപടി. പ്രത്യേക സംഘത്തെ നിയോഗിക്കാനും അന്വേഷണം 15 ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്നും സ്പീക്കര്‍ നിര്‍ദേശം നല്‍കി.
ജനതാദള്‍(എസ്) എംഎല്‍എ നാഗനഗൗഡ കണ്ഡകൂറിന് കോഴ വാഗ്ദാനം ചെയ്ത് അദ്ദേഹത്തിന്റെ മകന്‍ ശരണ ഗൗഡയോടാണ് യെദ്യൂരപ്പ സംസാരിച്ചത്. ഈ സംഭാഷണം മുഖ്യമന്ത്രി എച്ച്ഡി കുമാര സ്വാമി കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു. എന്നാല്‍ അത് തന്റെ ശബ്ദമല്ലെന്നും തെളിയിച്ചാല്‍ രാഷ്ട്രീയജീവിതം അവസാനിപ്പിക്കുമെന്നുമായിരുന്നു യെദ്യൂരപ്പ പ്രസ്താവിച്ചിരുന്നത്.
എന്നാല്‍ പിന്നീട് ശരണ ഗൗഡയുമായി സംസാരിച്ചിട്ടുണ്ടെന്നും ദേവദുര്‍ഗയിലെ ഗസ്റ്റ് ഹൗസില്‍വെച്ചാണ് ശരണഗൗഡയുമായി സംസാരിച്ചതെന്നും സംഭാഷണം റെക്കോഡ് ചെയ്തിരുന്നെന്നും യെദ്യൂരപ്പ ഹുബ്ബള്ളിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍, സംഭാഷണത്തിലെ പ്രധാന ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ശബ്ദരേഖ പുറത്തുവിട്ടിരിക്കുന്നത് . ഇതിനുപിന്നില്‍ മുഖ്യമന്ത്രി കുമാരസ്വാമിയുടെ ഗൂഢാലോചനയാണെന്നും യെദ്യൂരപ്പ ആരോപിച്ചു.