പൂനെ: നന്മയുടെ ജീവന്‍ പകുത്തു നല്‍കുന്നതിന്റെയും പാഠങ്ങള്‍ പകര്‍ന്നു നല്‍കി വരും തലമുറയ്ക്ക് മാതൃകയായി ഈ ഡോക്ടര്‍. തന്റെ പ്രൊഫഷന്‍ പഠിപ്പിച്ചത് മുറിവുകള്‍ ഉണക്കല്‍ മാത്രമല്ല പുതുജന്മം തന്നെ പകര്‍ന്നു നല്‍കലാണെന്ന് തിരിച്ചറിഞ്ഞ
ഡോക്ടര്‍ മനോജ് ദുരൈരാജയ്ക്ക് പിവന്നീട് തന്റെ കരങ്ങള്‍ ദൈവത്തിന്റെ കൂടിയാണെന്ന് മനസിലാക്കിയുള്ള പ്രവര്‍ത്തനങ്ങളുടെതായിരുന്നു. പൂനെയിലെ റൂബി ഹാള്‍ ക്ലിനിക്കിലെ കാര്‍ഡിയാക് സര്‍ജനും, മരിയന്‍ കാര്‍ഡിയാക് സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് ഫൗണ്ടേഷന്‍ തലവനുമാണ് ഡോ. മനോജ്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്ക് അദ്ദേഹം സൗജന്യമായിട്ടാണ് ചികിത്സ നല്‍കിയിരുന്നത്.
”പണമില്ലാത്തതിന്റെ പേരില്‍ ഒരു രോഗിക്കും വേണ്ട ചികിത്സ നല്‍കാതിരുന്നിട്ടില്ല. നല്ല ചികിത്സ നല്‍കേണ്ടത് എന്റെയും ഫൗണ്ടേഷന്റെയും കടമയാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്”-ഡോക്ടര്‍ പറയുന്നു.
ഡോ. മനോജിന്റെ പിതാവ് ഡോ. മാനുവേല്‍ ദുരൈരാജ് 21 വര്‍ഷം ഇന്ത്യന്‍ ആര്‍മിയില്‍ കാര്‍ഡിയോളജിസ്റ്റായിരുന്നു. റൂബി ഹാള്‍ ക്ലിനിക്കില്‍ കാര്‍ഡിയോളജി വിഭാഗം തുടങ്ങുന്നതും അദ്ദേഹമായിരുന്നു. മരിയന്‍ കാര്‍ഡിയാക് സെന്റര്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ തുടങ്ങിയതും അദ്ദേഹമായിരുന്നു. 1991 -ലാണ് ഇത് സ്ഥാപിക്കപ്പെടുന്നത്. 2005 -ല്‍ മനോജ് ഇതില്‍ പങ്കു ചേര്‍ന്നു.
തന്റെ അച്ഛന്റെ സമയവും പണവും മെഡിക്കല്‍ രംഗത്തെ അറിവും സാധാരണക്കാര്‍ക്കായി പകര്‍ന്നു നല്‍കുന്നത് കണ്ടാണ് താന്‍ വളര്‍ന്നത്. അതാണ്, ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുക എന്നത് വെറുമൊരു ജോലി മാത്രമല്ല എന്ന് തന്നെ പഠിപ്പിച്ചത്. ഏറ്റവും ആവശ്യമുള്ളവരിലേക്ക് ചികിത്സ എത്തിക്കുക എന്നതാണ് തന്റെ കര്‍മ്മമെന്ന് ഡോ. മനോജ് പറയുന്നു.
സാധാരണക്കാരായ മാതാപിതാക്കളുടെ കുഞ്ഞുങ്ങള്‍ക്കടക്കം 350 -ലേറെ പേര്‍ക്കാണ് സൗജന്യ ശസ്ത്രക്രിയ ഇതുവരെ നടത്തിയത്. അതുപോലെ, ശസ്ത്രക്രിയ നടത്തിക്കൊടുക്കാന്‍ ഫണ്ടില്ലാതെ വന്നപ്പോള്‍ പലരും സഹായിച്ച കഥയും അദ്ദേഹം പങ്കുവെയ്ക്കുന്നു. ഓര്‍ക്കുന്നു.
ക്ലിനിക്കില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍. വിവിധയിടങ്ങളില്‍ സഞ്ചരിച്ചുകൊണ്ട് ചികിത്സിക്കാന്‍ പണമില്ലാത്തവര്‍ക്ക് സഹായം നല്‍കുകയും, ചികിത്സിച്ച കുട്ടികളെ സ്‌പോണ്‍സര്‍ ചെയ്യുകയും കൂടി ചെയ്യുന്നു അദ്ദേഹം. ഒരു യഥാര്‍ത്ഥ ഡോക്ടര്‍ ആരായിരിക്കണമെന്ന ചോദ്യത്തിനുള്ള മറുപടിയായി മാറുകയാണ് ഡോ. മനോജ്.