ന്യൂഡല്‍ഹി: ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തുന്ന സത്യാഗ്രഹം പ്രതിപക്ഷ നേതാക്കളുടെ മറ്റൊരു സംഗമവേദിയായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ നേതാക്കള്‍ സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് വേദിയില്‍ എത്തി. എല്ലാവരും മോഡി സര്‍ക്കാരിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.
മോഡിയുടെ വിശ്വാസ്യത പൂര്‍ണമായും നഷ്ടമായെന്നും, മോഡി ആന്ധ്രാ പ്രദേശിന് നല്കിയ വാഗ്ദാനം പാലിക്കാതെ വഞ്ചിച്ചെന്നും റഫാല്‍ കൊള്ളയ്ക്ക് നേതൃത്വം നല്‍കിയത് മോഡിയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
രാഹുലിനു പുറമേ, നാഷണല്‍ കോണ്‍ഗ്രസ് ചെയര്‍പേഴ്സണ്‍ ഫറൂഖ് അബ്ദുള്ള, എന്‍സിപിയുടെ മജീദ് മേനോന്, ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയാന്, ഡിഎംകെ നേതാവ് തിരുച്ചി ശിവ, സമാജ് വാദി പാര്‍ട്ടി സ്ഥാപകന്‍ മുലായം സിംഗ് യാദവ് എന്നിവര്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരവേദിയില്‍ എത്തി. ടിഡിപി നേതാക്കളുമായി ഇവര്‍ ആശയവിനിമയം നടത്തുകയും ചെയ്തു
ആന്ധ്രാ പ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടത്തുന്ന സത്യാഗ്രഹ വേദിയില്‍ സംസ്ഥാനത്തെ മന്ത്രിമാര്‍, എംഎല്‍എമാര്‍, ടിഡിപി എംപിമാര്‍ എന്നിവരും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. ആന്ധ്രയെ കേന്ദ്രം അവഗണിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ വര്‍ഷം ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി എന്‍ഡിഎ മുന്നണി വിട്ടിരുന്നു. ലോക് സഭ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കേ ബിജെപിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യം ശക്തമാവുന്നതിന് തെളിവാണ് സമര പന്തലിലെ പ്രതിപക്ഷ നേതാക്കളുടെ സാനിധ്യം.
Discussion about this post