പുണെ: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ഉന്നമിട്ട് വീണ്ടും പരാമര്‍ശവുമായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ‘ഞങ്ങള്‍ ജാതിയില്‍ വിശ്വസിക്കുന്നില്ല. എനിക്ക് നിങ്ങളെക്കുറിച്ച് അറിയില്ല. ആരെങ്കിലും ജാതിപറഞ്ഞാല്‍ അവരെ അടിക്കുമെന്ന് താന്‍ മുന്നറിയിപ്പ് നല്‍കിട്ടുണ്ടെന്നും ഇവിടുത്തെ അഞ്ചുജില്ലകളിലും ജാതിക്ക് സ്ഥാനമില്ലെന്നും
ഗഡ്കരി പറഞ്ഞു. പുണെയില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മോഡി പലപ്പോഴും താന്‍ പിന്നാക്കക്കാരനാണെന്ന് പ്രസംഗങ്ങളില്‍ എടുത്തുപറയാറുണ്ട്. ഇതാണ് പുതിയ വിവാദത്തിന് വഴിയിട്ടത്. അതേസമയം, ഗഡ്കരിയുടെ പരാമര്‍ശത്തെ മോഡിക്കെതിരായ വിമര്‍ശനമെന്നാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തത്.
ഹനുമാന്റെ ജാതി സംബന്ധിച്ച് നിരവധി ബിജെപി നേതാക്കള്‍ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഹനുമാന്‍ ദളിതനാണെന്നും അതല്ല ജാട്ട് സമുദായത്തില്‍ പെട്ട ആളായിരുന്നുവെന്നും മുസ്ലീമായിരുന്നുവെന്നും വരെ ചില ബിജെപി നേതാക്കള്‍ തട്ടിവിട്ടിരുന്നു. ഇത് പരോക്ഷമായി സൂചിപ്പിച്ചാണ് മധ്യപ്രദേശ് കോണ്‍ഗ്രസ് ഘടകത്തിന്റെ ട്വീറ്റ്. ഇതിനുമുമ്പും ഗഡ്കരിയുടെ പരാമര്‍ശങ്ങള്‍ മോദിക്കതിരായ വിമര്‍ശനത്തിനായി കോണ്‍ഗ്രസ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. സ്വന്തം വീട് നന്നായി നോക്കാനറിയാത്ത ഒരാള്‍ക്ക് രാജ്യം പരിപാലിക്കാന്‍ സാധിക്കില്ലെന്ന ഗഡ്കരിയുടെ പരാമര്‍ശം കോണ്‍ഗ്രസ് മോഡിക്കെതിരെ ഉപയോഗിച്ചിരുന്നു.