മൊറാദാബാദ്: കഷ്ടപ്പാടിനിടയിലും കഠിനപരിശ്രമം മാത്രം കൈമുതലാക്കി ഇല്‍മ എന്ന പെണ്‍കുട്ടി 26ാം വയസില്‍ തേടിപ്പിടിച്ചത് ഐപിഎസ് എന്ന പരമോന്നത പദവി. 14ാം വയസ്സിലാണ് ഇല്‍മ അഫ്രോസ് എന്ന ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് പിതാവിനെ നഷ്ടപ്പെട്ടത്. പഠനത്തില്‍ വളരെ മിടുക്കിയായിരുന്ന അവള്‍ക്ക് തന്റെ സ്വപ്നങ്ങള്‍ ഇരുളടഞ്ഞതു പോലെയായിരുന്നു പിന്നീട്. എന്നാല്‍ കരുത്തും ആത്മവിശ്വാസവും ആവോളം പകര്‍ന്നു നല്കി അമ്മ നട്ടെല്ലായി കൂടെ നിന്നപ്പോള്‍ ഇല്‍മയുടെ സ്വപ്നങ്ങളില്‍ വീണ്ടും വെളിച്ചം വീശുകയായിരുന്നു. സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച ഇല്‍മയ്ക്ക് കൈമുതലായുള്ളത് പഠനമികവ് മാത്രമായിരുന്നു.
ഉത്തര്‍പ്രദേശിലെ മൊറാദാബാദിലെ കുണ്ടര്ക്കിയിലായിരുന്നു ഇല്‍മയുടെ ജനനം. ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം അവള് ഡല്‍ഹിയിലെ സെന്റ്.സ്റ്റീഫന്‍സ് കോളേജില്‍ ഫിലോസഫി പഠനത്തിന് ചേര്‍ന്നു. അപ്പോഴും കരുത്തായി അമ്മ കൂടെ നിന്നു. മകളെ വിവാഹം ചെയ്ത് അയച്ച് ബാധ്യതകള്‍ തീര്‍ക്കാന്‍ അസരമിക്കാതെ ആ അമ്മ ഇല്‍മയുടെ സ്വപ്നങ്ങള്‍ക്ക് തണലായി.
പഠനത്തില്‍ മുന്നിലെത്തിയതോടെ ഇല്‍മയ്ക്ക് വിദേശ സ്കോളര്‍ഷിപ് ലഭിച്ചതാണ് ജീവിതത്തില്‍ വിഴിത്തിരിവായത്. ഓക്സ്ഫോഡില്‍ പഠനത്തിനായാണ് അവസരം ലഭിച്ചത്. വോള്ഫ്സന് കോളജില്‍ മാസ്റ്റേഴ്സ് പഠനം പൂര്‍ത്തിയാക്കി. പിന്നീട്, ബിരുദാനന്തര ബിരുദത്തിനുശേഷം അവള് പോയത് അമേരിക്കയിലേക്കാണ്. അമേരിക്കയിലെ പഠനത്തിനിടയിലും ഇന്ത്യയായിരുന്നു മനസ് നിറയെ. ഒടുവില്‍ അമേരിക്കയില്‍ ജോലിതേടാതെ ഇന്ത്യയിലേക്ക് തന്നെ മടങ്ങിയെത്തി.
സിവില്‍ സര്‍വീസ് പഠനത്തില്‍ മുഴുകിയ ഇല്‍മ 2017ല്‍ പരീക്ഷയില്‍ 217-ാം റാങ്കോടെ ഐപിഎസ് തെരഞ്ഞെടുത്തു. ഹിമാചല്‍പ്രദേശ് കേഡറിലാണ് ഇല്‍മയ്ക്ക് ആദ്യം അവസരം ലഭിച്ചത്. തുടക്കത്തില്‍ ഒന്നരവര്‍ഷത്തെ പരിശീലനം.
‘ഞാന്‍ ഇതുവരെ എത്തിയതിന് പിന്നില്‍ അമ്മയാണ്. അമ്മയുടെ കഠിനധ്വാനവും കരുത്തുമാണ് ഇതുവരെ എത്തിച്ചത്’-ഇല്‍മ പറയുന്നു.
ജനിച്ച് വളര്‍ന്ന നാട് മറക്കാനാകില്ലെന്നും ഇല്‍മ പറയുന്നു.
തന്നെ പോലുള്ള സാധാരണക്കാരായ വിദ്യാര്‍ത്ഥികളുടെ പഠനം മുടങ്ങാതിരിക്കാന്‍ സ്വന്തം ഗ്രാമത്തില്‍ ഹോപ് എന്ന സംഘടനയും ഇല്‍മ സ്ഥാപിച്ചു. മികച്ച പൗരന്മാരായി വളരാന്‍ കുണ്ടര്‍കി എന്ന ഗ്രാമത്തിലെ കുട്ടികള്‍ക്കും കഴിയണം. ഇന്ത്യയിലെ വളര്‍ച്ചയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാകണം ഓരോ പൗരന്മാരുമെന്ന് ഇല്‍മ പ്രത്യാശയോടെ പറയുന്നു.
Discussion about this post