ഭോപ്പാല്‍: ബിജെപിയുടെ നീണ്ട ഭരണം അവസാനിപ്പിച്ച് കോണ്‍ഗ്രസ് ഭരണത്തിലേറിയ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ വെളിപ്പെടുത്തിയത് രാജ്യത്തെ ഞെട്ടിക്കുന്ന കര്‍ഷക വായ്പാ തട്ടിപ്പ്. കഴിഞ്ഞ 15 വര്‍ഷമായി മധ്യപ്രദേശില്‍ കര്‍ഷകരുടെ പേരില്‍ കാര്‍ഷിക വായ്പ സംഘങ്ങള്‍ നടത്തി വന്നിരുന്ന കോടികളുടെ തട്ടിപ്പ് പുറത്തുവന്നു.
കമല്‍നാഥ് സര്‍ക്കാര്‍ കാര്‍ഷിക വായ്പ എഴുതിത്തള്ളിയതോടെയാണ് കള്ളിവെളിച്ചത്തായത്. 45 ലക്ഷം പേരുടെ വായ്പ എഴുതിത്തള്ളുകയും അവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തതോടെ, തങ്ങള്‍ വായ്പ എടുത്തിട്ടില്ലെന്നു കാട്ടി നൂറു കണക്കിന് കര്‍ഷകരാണ് രംഗത്തെത്തിയത്. മരിച്ചവരുടെ പേരില്‍ പോലും വായ്പ എടുത്തതായി തെളിഞ്ഞു. ഗ്വാളിയറില്‍ മാത്രം 1200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് റിപ്പോര്‍ട്ട്.
കര്‍ഷകര്‍ക്ക് വിത്തും വളവും വാങ്ങുന്നതിനായി ബിജെപി സര്‍ക്കാര്‍ പലിശരഹിത വായ്പ നല്‍കിയിരുന്നു. ഇതിന്റെ മറവില്‍ കര്‍ഷക സംഘത്തിന്റെ തലപ്പത്തുള്ളവരും ബിജെപി സര്‍ക്കാരും ചേര്‍ന്ന് തട്ടിപ്പ് നടത്തിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. 4526 സംഘങ്ങള്‍ക്കാണ് ഇത്തരത്തില്‍ കാര്‍ഷിക വായ്പ അനുവദിച്ചിരിക്കുന്നത്. എന്നാല്‍, കര്‍ഷകര്‍ അറിയാതെ സംഘത്തിലെ ജീവനക്കാരും ഭരണസമിതി അംഗങ്ങളും ഒത്തുചേര്‍ന്ന് തുക തട്ടിയെടുക്കുകയായിരുന്നു.
കര്‍ഷകരുടെ പേരില്‍ വായ്പ അനുവദിച്ചതായി കണക്കില്‍ പെടുത്തി തുക എടുത്തശേഷം പുറത്ത് കൊള്ളപ്പലിശയ്ക്കു നല്‍കുകയും ചെയ്തുവരികയായിരുന്നു. വായ്പ എഴുതിത്തള്ളിയതോടെയാണ് തട്ടിപ്പ് പുറത്തായത്.
Discussion about this post