ദിണ്ഡുക്കല്‍: ഒരു പൂവന്‍ കോഴിയുടെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സൈബര്‍ലോകം. വെറും ഒന്നരലക്ഷം രൂപവിലയുള്ള പൂവനാണ് താരമാകുന്നത്.
ദിണ്ഡുക്കല്‍ ജില്ലയിലെ വടമധുരക്ക് സമീപം അയ്യലൂരില്‍ നടന്ന കിളിമൂക്ക് പ്രദര്‍ശനത്തിലാണ് ഒന്നരലക്ഷം രൂപ പറഞ്ഞത്. എന്നിട്ടും ഉടമസ്ഥന്‍ കോഴിയെ വില്‍ക്കാന്‍ തയാറായില്ല എന്നതാണ് കൗതുകമാവുന്നത്. വിശറിപോലെ വാലുള്ള കോഴികളുടെ പ്രദര്‍ശനമാണ് കിളിമൂക്ക്.
നത്തം ഗാന്ധി എന്നയാളുടെ പൂവന്‍കോഴിയെ ഒന്നരലക്ഷം രൂപ വിലയ്ക്ക് വാങ്ങുവാനാണ് ആളെത്തിയത്. മയില്‍ വിഭാഗത്തില്‍പെടുന്നതായിരുന്നു ഈ പൂവന്‍കോഴി. കോമപ്പെട്ടി ചിന്നപ്പന്‍ എന്നയാളില്‍ നിന്ന് മാസങ്ങള്‍ക്കുമുന്‍പ് 90000 രൂപയ്ക്കാണ് നത്തം ഗാന്ധി കോഴിയെ വാങ്ങിയത്.
കഴിഞ്ഞവര്‍ഷം നടന്ന പ്രദര്‍ശനത്തില്‍ ഒന്നര ലക്ഷം രൂപയ്ക്ക് ബംഗളുരു സ്വദേശി വാങ്ങിയ മയില്‍ ഇനത്തില്‍പെട്ട കോഴിയെ മൂന്നുലക്ഷം രൂപയ്ക്ക് ഒമാന്‍ സ്വദേശിക്ക് മറിച്ചുവിറ്റിരുന്നു.
അന്യം നിന്നുപോകുന്ന പാരമ്പര്യ പൂവന്‍ കോഴി ഇനങ്ങളെ സംരക്ഷിക്കുന്നതിനാണ് പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കുന്നത്. തമിഴ്‌നാട് അസീല്‍ ഓര്‍ഗനൈസേഷനാണ് സംഘാടകര്‍. അയ്യല്ലൂരില്‍ രണ്ടാംവര്‍ഷമാണ് പ്രദര്‍ശനമേള സംഘടിപ്പിക്കുന്നത്.
കേരള, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒറീസ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ഇത്തവണ കോഴികളെ പ്രദര്‍ശനത്തിനായി എത്തിച്ചത്. കീരി, മയില്‍, കൊക്കുവെള്ള, എണ്ണക്കറുപ്പ്, കാകം തുടങ്ങി വിവിധ ഇനങ്ങളിലുള്ള 452 പൂവന്‍കോഴികളെ പ്രദര്‍ശനത്തില്‍ പങ്കെടുപ്പിച്ചു. മികച്ച പൂവന്‍കോഴികള്‍ക്ക് സ്വര്‍ണനാണയങ്ങള്‍, വെള്ളിനാണയങ്ങള്‍ എന്നിവ സമ്മാനമായി ലഭിച്ചു.