അന്വേഷണത്തിലിരിക്കുന്ന കേസിന്റെ സുപ്രധാന റിപ്പോര്‍ട്ടുകള്‍ മോഷ്ടിച്ചെന്ന ആരോപണത്തില്‍ റിപ്പബ്ലിക്ക് ടി.വിക്കും മേധാവി അര്‍ണബ് ഗോസ്വാമിക്കുമെതിരെ കേസ്. സുനന്ദ പുഷ്‌കര്‍ ദുരൂഹ മരണക്കേസിലെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അനധികൃതമായി ശേഖരിച്ച് പുറത്ത് വിട്ടെന്ന ശശി തരൂര്‍ എം.പിയുടെ പരാതിയിലാണ് നടപടി. ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് അര്‍ണബിനും ചാനലിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ദേശം നല്‍കിയത്.
കേസുമായി ബന്ധപ്പെടുത്തി തനിക്കെതിരെ അപകീര്‍ത്തിരമായ വാര്‍ത്തകള്‍ നല്‍കി ചാനലിന്റെ കാണികളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള ശ്രമം നടത്തുകയാണ് ചെയ്തതെന്ന് തരൂര്‍ ആരോപിച്ചു. രേഖകള്‍ മോഷ്ടിച്ചെന്നും തന്റെ ഇ-മെയില്‍ ഹാക്ക് ചെയ്‌തെന്നും ചൂണ്ടിക്കാട്ടി തരൂര്‍ സമര്‍പ്പിച്ച പരാതിയില്‍ ഡല്‍ഹി പോലീസ് നടപടിയെടുത്തില്ലെന്നും തരൂരിന്റെ അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. ഈ വാദങ്ങള്‍ പരിഗണിച്ചാണ് കോടതി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.
Discussion about this post