ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാര്‍ സ്ഥാനാര്‍ത്ഥികളാകേണ്ടെന്ന് കോണ്‍ഗ്രസ്

മണ്ഡലങ്ങളില്‍ ജയസാധ്യതയുള്ള മൂന്ന് പേരുടെ പട്ടിക ഹൈക്കമാന്‍ഡിന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ നല്‍കണം

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാര്‍ സ്ഥാനാര്‍ഥികളാകേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചു. എന്നാല്‍ സിറ്റിംഗ് എംപിമാരില്‍ മത്സരിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് സീറ്റ് നല്‍കാനാണ് പാര്‍ട്ടി തീരുമാനം.

അല്ലാത്ത മണ്ഡലങ്ങളില്‍ ജയസാധ്യതയുള്ള മൂന്ന് പേരുടെ പട്ടിക ഹൈക്കമാന്‍ഡിന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വങ്ങള്‍ നല്‍കണം. നേതൃത്വം ഇവരില്‍ നിന്നും സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാനും ധാരണയായി. പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിളിച്ച പിസിസി അധ്യക്ഷന്മാരുടെയും പാര്‍ട്ടി ജനപ്രതിനിധികളുടെയും യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടത്.

ഈ മാസം 25ന് മുന്‍പ് സ്ഥാനാര്‍ഥി പട്ടിക ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കാനാണ് സംസ്ഥാന നേതൃത്വങ്ങള്‍ക്ക് രാഹുല്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. പിസിസി അധ്യക്ഷന്മാര്‍ മത്സര രംഗത്തിറങ്ങേണ്ട എന്നാണ് തീരുമാനമെങ്കിലും പാര്‍ട്ടി അധ്യക്ഷന് ഇക്കാര്യത്തില്‍ ഉചിതമായ മാറ്റങ്ങള്‍ വരുത്താം. സംഘടനാ ചുമതലകള്‍ വഹിക്കുന്നവരുടെ കാര്യത്തിലും അന്തിമ തീരുമാനം രാഹുല്‍ ഗാന്ധിയുടേതാവും.

സ്ഥാനാര്‍ഥി പട്ടികയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും കൃത്യമായ പ്രാതിനിധ്യം നല്‍കണമെന്ന് പിസിസികള്‍ക്ക് രാഹുല്‍ ഗാന്ധി കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സിറ്റിംഗ് എംപിമാര്‍ മത്സരിക്കാന്‍ ഇല്ലാത്ത മണ്ഡലങ്ങളില്‍ ഇതോടെ പുതുമുഖങ്ങളെ അവതരിപ്പിക്കാമെന്ന കണക്കുകൂട്ടലാണ് ഹൈക്കമാന്‍ഡിനുള്ളത്.

ഒരു കുടുംബത്തില്‍ നിന്നും ഒന്നിലധികം സ്ഥാനാര്‍ഥികള്‍ വേണ്ടെന്നും തീരുമാനമുണ്ട്. 25ന് ലഭിക്കുന്ന സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും അന്തിമ പട്ടിക ഒരാഴ്ചയ്ക്കുള്ളില്‍ തയാറാക്കി മാര്‍ച്ച് ആദ്യ വാരത്തോടെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

റഫാല്‍ മുഖ്യതെരഞ്ഞെടുപ്പ് വിഷയമാക്കാനും രാഹുലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണ വിഷയത്തില്‍ ശക്തമായി ഉന്നയിക്കാനും നേതാക്കള്‍ക്ക് പാര്‍ട്ടി നേതൃത്വം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരളത്തില്‍ നിന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കെപിസിസിയെ പ്രതിനിധീകരിച്ച് കൊടിക്കുന്നില്‍ സുരേഷും യോഗത്തില്‍ പങ്കെടുത്തു. ജനമഹായാത്രയുടെ നായകനായ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ യോഗത്തിനെത്തിയില്ല.

Exit mobile version