ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാറിനെതിരെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്ര ബാബു നായിഡുവിന്റെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ക്കായി ആന്ധ്ര സര്‍ക്കാര്‍ രണ്ട് ട്രെയിനുകള്‍ വാടകയ്‌ക്കെടുത്തു. ഫെബ്രുവരി 11-ന് നടത്തുന്ന സമരത്തിന് എത്തുന്ന ആളുകള്‍ക്കായി 1.12 കോടി രൂപ ചെലവിട്ട് ഇരുപത് കമ്പാര്‍ട്ട്മെന്റുകള്‍ വീതമുള്ള രണ്ട് ട്രെയിനുകളാണ് ആന്ധ്ര സര്‍ക്കാര്‍ വാടകയ്ക്ക് എടുത്തിരിക്കുന്നത്. ഇതിനായി പൊതുഭരണ വകുപ്പ് തുക അനുവദിക്കുകയും ചെയ്തു.
സമരത്തില്‍ പങ്കെടുക്കാനായി എത്തുന്ന ആന്ധ്രയിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ എന്‍ജിഒ സംഘടനകള്‍ എന്നിവര്‍ക്കായി അനന്തപുര്‍, ശ്രീകാകുളം എന്നിവടങ്ങളില്‍ നിന്നാണ് ട്രെയിനുകള്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്. രണ്ട് ട്രെയിനുകളും ഞായറാഴ്ച രാവിലെയോടെ ഡല്‍ഹിയില്‍ എത്തിച്ചേരും.
ആന്ധ്രപ്രദേശിന് പ്രത്യേക പദവി നല്‍കുക. ആന്ധ്ര വിഭജനത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ വാഗ്ദ്ധാനങ്ങള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടു തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഭരണകക്ഷിയായ ടിഡിപിയെ കൂടാതെ മറ്റ് എല്ലാ പാര്‍ട്ടി നേതാക്കളോടും സമരത്തിനെത്താന്‍ ചന്ദ്രബാബു നായിഡു ആഹ്വാനം ചെയ്തിട്ടുണ്ട്.
അതേ സമയം സമരത്തിനായി ഇത്രയും വലിയ തുക സംസ്ഥാന സര്‍ക്കാര്‍ ഉപയോഗിക്കുന്നതിനെതിരെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ വൈഎസ്ആര്‍ കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.