ന്യൂഡല്‍ഹി: പശു സംരക്ഷത്തിന്റെ പേരില്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി ആളുകളെ അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ഇതു സംബന്ധിച്ച് ശരിയായ നടപടികളെടുക്കാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
‘അത് തെറ്റാണെന്ന് സര്‍ക്കാറിനെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.ചെയ്തത് തെറ്റാണെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് ബന്ധപ്പെട്ട ആളുകളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ഞാന്‍ കരുതുന്നു. മധ്യപ്രദേശില്‍ എന്‍എസ്എ ഉപയോഗിച്ചത് തെറ്റാണ്’- ചിദംബരം പറയുന്നു. ഇതു വരെ പശു സംരക്ഷണത്തിന്റെ പേരില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മധ്യപ്രദേശില്‍ അഞ്ചു പേര്‍ക്കെതിരെ എന്‍എസ്എ (നാഷണല്‍ സെക്യൂരിറ്റി ആക്റ്റ്) ചുമത്തപ്പെട്ടിട്ടുണ്ട്. അനധികൃതമായി പശുക്കളെ കടത്തിയ രണ്ടു പേരെയും പശുവിനെ കശാപ്പു ചെയ്തതിന്റെ പേരില്‍ മൂന്നു പേര്‍ക്കെതിരെയുമാണ് മധ്യപ്രദേശില്‍ എന്‍എസ്എ ചുമത്തിയത്.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നടപടിയില്‍ മുഖ്യമന്ത്രി കമല്‍നാഥിനെതിരെ മുന്‍ മഹാരാഷ്ട്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നസീം ഖാന് രംഗത്തെത്തിരിയിരുന്നു. ആര്‍എസ്എസ്സിന്റെ കീഴിലുള്ള ബിജെപിയാണ് ഇത് ചെയ്തതെങ്കില്‍ അത് മനസ്സിലാക്കാന്‍ കഴിയുമായിരുന്നെന്നും എന്നാല്‍ കോണ്‍ഗ്രസ് ഭരണത്തിലിരിക്കുന്ന മധ്യപ്രദേശില്‍ ഇത് സംഭവിച്ചത് നിരാശാജനകമാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
Discussion about this post