കൊല്‍ക്കത്ത: മോഡി-മമത വാക്ക് പോര് മുറുകുന്നു. വടക്കന്‍ ബംഗാളിലെ ജല്‍പയ്ഗുരിയില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിക്കിടെ മമതയ്‌ക്കെതിരെ മോഡി ആഞ്ഞടിച്ചു. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി കള്ളന്‍മാരായ പൊലീസുദ്യോഗസ്ഥര്‍ക്ക് വേണ്ടി സത്യാഗ്രഹമിരുന്ന ആദ്യമുഖ്യമന്ത്രിയാണ് മമതാ ബാനര്‍ജിയെന്ന് നരേന്ദ്രമോഡി പറഞ്ഞു. ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കേന്ദ്രത്തിനെതിരെ മമത ധര്‍ണ്ണയിരുന്നത് ചൂണ്ടിക്കാട്ടിയാണ് മോഡിയുടെ വിമര്‍ശനം. കൊല്‍ക്കത്ത കമ്മീഷ്ണറായ രാജീവ് കുമാറിനെ സിബിഐ അറസ്റ്റ് ചെയ്യാനെത്തിയത് രാഷ്ട്രീയസമ്മര്‍ദ്ദം മൂലമാണെന്നും സംസ്ഥാനങ്ങളുടെ ഫെഡറല്‍ സംവിധാനത്തിലേക്ക് മോഡി കടന്നു കയറുകയാണെന്നും ആരോപിച്ചാണ് മമത കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയത്.
പാവപ്പെട്ട ജനങ്ങളുടെ പണം കൊള്ളയടിച്ചവര്‍ക്ക് വേണ്ടി സത്യഗ്രഹമിരുന്ന മുഖ്യമന്ത്രിയാണ് മമത ബാനര്‍ജിയെന്ന് മോഡി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് പകലും രാത്രിയുമായി ഒരു മുഖ്യമന്ത്രി കള്ളന്മാരെ സംരക്ഷിക്കാനായി ധര്‍ണയിരുന്നതെന്നും മോഡി പരിഹസിച്ചു. നുഴഞ്ഞുകയറ്റക്കാരെ സ്വാഗതം ചെയ്യുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ബിജെപി നേതാക്കളെ തടയുകയാണെന്നും ആരോപിച്ചു.
മമതാ ബാനര്‍ജിയും ശക്തമായ ഭാഷയിലാണ് മോഡിയെ വിമര്‍ശിച്ചത്. തെരഞ്ഞടുപ്പ് അടുക്കുമ്പോള്‍ മോഡി ചായവില്‍പ്പക്കാരന്‍, കഴിഞ്ഞാല്‍ റാഫേല്‍ വാലയാണെന്നും മമത പരിഹസിച്ചു. കൊല്‍ക്കത്തയിലെ മഹാറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മമത.
മോഡിക്ക് ഇന്ത്യയെന്തെന്ന് അറിയില്ല. ഗോധ്ര കൂട്ടക്കൊലയും അതിനോടനുബന്ധിച്ചുള്ള മറ്റ് സംഘര്‍ഷങ്ങളുമാണ് മോഡിയെ പ്രധാനമന്ത്രി പദത്തില്‍ എത്തിച്ചത്. റാഫേല്‍ ഇടപാടിന്റെ ബുദ്ധികേന്ദ്രം മോഡിയാണ്. നോട്ട് നിരോധനത്തിന്റെയും പിന്നില്‍ പ്രവര്‍ത്തിച്ചത് ഇദ്ദേഹമാണ്. അഴിമതിയിലും ധാര്‍ഷ്ട്യത്തിലും രാജ്യത്ത് മുന്‍പന്തിയില്‍ നില്‍ക്കന്നതും മോഡിയാണെന്ന് മമത പറഞ്ഞു.
നിങ്ങള്‍ ‘മോഡി ബാബു’ എന്ന് വിളിച്ചോളൂ, പക്ഷേ ഞാന്‍ ‘മാഡ്-ഡി ബാബു’ (ഭ്രാന്തന്‍) എന്നാണ് വിളിക്കുകയെന്നും മമതാ ബാനര്‍ജി കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷഐക്യത്തെ മോഡി ഭയപ്പെടുന്നു. പക്ഷെ എനിക്ക് ഭയമില്ല. പോരാട്ടത്തിലൂടെയാണ് താന്‍ ഇവിടെവരെയെത്തിയത്. മോഡിയെപോലെ പണത്തിന്റെ ബലത്തില്‍ അല്ല താന്‍ അധികാരത്തിലെത്തിയത്. നിങ്ങളെേെന്നാട് കളിച്ചാല്‍ ഞാന്‍ തിരിച്ചടിക്കുമെന്നും മമത പറഞ്ഞു.