മൊബൈല്‍ നോട്ടിഫിക്കേഷനായി വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു; വ്യവസായിക്ക് നഷ്ടമായത് 60,000 രൂപ!

ഗുരുഗ്രാം: മൊബൈല്‍ ഫോണില്‍ വരുന്ന നോട്ടിഫിക്കേഷനുകള്‍ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്, മൊബൈല്‍ നോട്ടിഫിക്കേഷനായി ലഭിച്ച ലിങ്കില്‍ ക്ലിക് ചെയ്ത ന്യൂഡല്‍ഹിയിലെ വ്യവസായിക്ക് നഷ്ടമായത് 60,000 രൂപയാണ്! ആദായ നികുതി വകുപ്പില്‍ നിന്നെന്ന വ്യാജേന നോട്ടിഫിക്കേഷനായി ലഭിച്ച ലിങ്ക് തുറന്നതോടെയാണ് വ്യവസായിക്ക് പണം നഷ്ടമായത്. ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോള്‍ ഒരു ആപ്ലിക്കേഷന്‍ ഓട്ടോമാറ്റിക്കായി ഇന്‍സ്റ്റാള്‍ ആവുകയും രണ്ട് തവണയായി ബാങ്ക് അക്കൗണ്ടില്‍ നിന്ന് 60000 രൂപ നഷ്ടമാവുകയുമായിരുന്നെന്ന് ഇദ്ദേഹം നല്‍കിയ പരാതിയില്‍ പറയുന്നു.

ഹരീഷ് ചന്ദര്‍ എന്ന 52 കാരനാണ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തതിലൂടെ വന്‍തുക നഷ്ടമായത്. ഹരീഷിന്റെ പരാതിയില്‍ ഓണ്‍ലൈന്‍ തട്ടിപ്പിന് ഗുരുഗ്രാം സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള ലിങ്ക് തുറന്നതോടെ ഇടപാടിനായി ഒടിപി നമ്പര്‍ ഫോണില്‍ മെസേജായി ലഭിച്ചിരുന്നു. എന്നാല്‍ ഫോണില്‍ ഇന്‍സ്റ്റാളായ ആപ്പിലൂടെ ഈ ഒടിപി നമ്പര്‍ മറ്റൊരു ഫോണ്‍ നമ്പറിലേക്ക് അയക്കപ്പെട്ടിരുന്നു. അന്വേഷണത്തില്‍ ഈ നമ്പര്‍ പൂനെയില്‍ നിന്നുള്ളതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ നമ്പര്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തുണ്ട്.

Exit mobile version