കൊല്‍ക്കത്ത: സിബിഐ ഇപ്പോള്‍ ബിബിപിയായിമാറി. ബിജെപിയുടെ ഏജന്‍സിയാണ് സിബിഐ എന്ന് വിമര്‍ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്.ബിജെപി ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന് പരിഹാസരൂപേണ മമത ബാനര്‍ജി സിബിഐയെ വിശേഷിപ്പിച്ചത്. ട്വിറ്ററിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ ആക്ഷേപം.
സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയും സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മിലുള്ള ചേരിപ്പോര് സര്‍ക്കാരിന് വലിയ തലവേദന സൃഷ്ടിക്കുകയും ഈ സാഹചര്യത്തില്‍ അലോക് വര്‍മ്മയെ കേന്ദ്ര സര്‍ക്കാര്‍ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്തിരുന്നു. സിബിഐ സ്പെഷ്യല്‍ ഡയറക്ടറായ രാകേഷ് അസ്താനക്കെതിരെ അഴിമതിക്കും കൈകൂലിക്കും ആരോപിച്ച് അലോക് വര്‍മ്മ കേസെടുത്തിരുന്നു.
ഇതിന് പിന്നാലെ അസ്തായെ അറസ്റ്റ് ചെയ്യുന്നതിന് അലോക് വര്‍മ്മ കേന്ദ്രാനുമതി തേടിയിരുന്നെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. ശേഷം ഇരുവരുടെയും ചേരിപ്പോര് വഷളായ സാഹചര്യത്തില്‍ അലോക് വര്‍മ്മയെ തല്‍സ്ഥാനത്ത് നിന്നും നീക്കി ജോയിന്റ് ഡയറക്ടര്‍ എം നാഗേശ്വര റാവുവിനെ താല്കാലിക ഡയറക്ടറായി നിയമിക്കുകയായിരുന്നു.
അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്ന് മാറ്റിയത് റഫാല്‍ ‘ഫോബിയ’ കാരണമെന്ന് വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ രംഗത്തെത്തിയിരുന്നു. അലോക് വര്‍മ്മ റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് തേടിയത് കൊണ്ടാണ് അദ്ദേഹത്തെ സ്ഥലം മാറ്റിയതെന്നായിരുന്നു രാഹുലിന്റെ ആക്ഷേപം.
Discussion about this post