ഹംപി: പൈതൃകനഗരമായ ഹംപിയിലെ ക്ഷേത്രത്തൂണുകള്‍ തകര്‍ത്ത സംഭവത്തില്‍ പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു. രണ്ടുപേരെ ബംഗളൂരുവില്‍ നിന്നും ഒരാളെ ഹൈദരാബാദില്‍ നിന്നുമാണ് പോലീസ് പിടികൂടിയത്.
എന്നാല്‍ പോലീസ് പിടിയിലായവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന നാലാമത്തെ ആള്‍ക്കുള്ള തെരച്ചിലാണ് പോലീസ്. പൈതൃക നഗരമായി യുനെസ്‌കോ അംഗീകരിച്ചിരിക്കുന്ന ഹംപിയിലെ ക്ഷേത്രത്തൂണുകള്‍ ഒരു സംഘമാളുകള്‍ തകര്‍ക്കുന്ന ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ക്ഷേത്രത്തൂണുകള്‍ തകര്‍ത്ത സംഭവത്തില്‍ അഞ്ചോളം ആളുകള്‍ പങ്കാളികളാണെന്നും ആരോപണവിധേയരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് നിയമത്തിനു മുമ്പില്‍ കൊണ്ടുവരുമെന്നും ബെല്ലാരി എസ്പി അരുണ്‍ രംഗരാജന്‍ പറഞ്ഞിരുന്നു. സംഭവം ഗുരുതരമാണെന്നും എത്രയും പെട്ടെന്ന് പ്രതികളെ പിടികൂടണമെന്നും പോലീസിന് ആഭ്യന്തരമന്ത്രി എംബി പാട്ടിലും നിര്‍ദ്ദേശം നല്‍കിയിരുന്നു. അക്രമകാരികള്‍ പതിന്നാല് ക്ഷേത്രത്തൂണുകള്‍ ആണ് തകര്‍ത്തിരുന്നത്. 26 സ്‌ക്വയര്‍ കിലോമീറ്ററില്‍ പരന്നു കിടക്കുന്ന വിശാലമായ ലോകത്തിലെ ഏറ്റവും വലിയ ഓപ്പണ്‍ എയര്‍ മ്യൂസിയം ആണ് ഹംപി.