പഞ്ചിമ ബംഗാള്‍ സര്‍ക്കാരും കേന്ദ്രവും തമ്മിലുള്ള പോര് മുറുകുന്നു; മമതയ്‌ക്കൊപ്പം ധര്‍ണ്ണയിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ന്യൂഡല്‍ഹി: ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി കേന്ദ്രത്തിനെതിരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയോടൊപ്പം ധര്‍ണയില്‍ പങ്കെടുത്ത അഞ്ച് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതുസംബന്ധിച്ച് ബംഗാള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിച്ചേക്കുമെന്നുമാണ് റിപ്പോര്‍ട്ട്.

ധര്‍ണയില്‍ പങ്കെടുത്ത ബംഗാള്‍ ഡിജിപി വീരേന്ദ്ര, എഡിജിപിമാരായ വിനീത്കുമാര്‍ ഗോയല്‍, അനൂജ് ശര്‍മ്മ, കമ്മിഷണര്‍ ഗ്യാന്‍വാന്ദ് സിങ്, എസിപി സുപ്രദീം ധാര്‍ക്കാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് കളമൊരുങ്ങുന്നത്. സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ച് ഉദ്യോഗസ്ഥര്‍ രാഷ്ട്രീയസമരത്തില്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. ഇവരുടെ സര്‍വ്വീസ് മെഡലുകള്‍ തിരിച്ചെടുക്കാനും കേന്ദ്രസര്‍വ്വീസില്‍ നിന്ന് ഇവരെ ഒഴിവാക്കാനും സാധ്യതയുണ്ട്.

ധര്‍ണ്ണയില്‍ പങ്കെടുത്തതിന് നേരത്തെ കൊല്‍ക്കത്ത കമ്മിഷണര്‍ രാജീവ് കുമാറിന് എതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. അഖിലേന്ത്യാ സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.
കൊല്‍ക്കത്ത കമ്മിഷണര്‍ രാജീവ്കുമാറിനെ സിബിഐ ചോദ്യം ചെയ്യാന്‍ എത്തിയതോടെയാണ് ബംഗാള്‍ സര്‍ക്കാരും കേന്ദ്രവും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. തുടര്‍ന്ന് ഭരണഘടനയും ഫെഡറല്‍ സംവിധാനവും, കേന്ദ്രം അട്ടിമറിക്കുകയാണ് എന്നാരോപിച്ച് മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ ധര്‍ണയും ആരംഭിച്ചു. പിന്നീട് സുപ്രീംകോടതി വിധി വന്നതിനുശേഷമാണ് മമത ധര്‍ണ അവസാനിപ്പിച്ചത്.

Exit mobile version