ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ പഴയ നമ്പറുകള്‍ ഒന്നും ഏല്‍ക്കില്ലെന്ന തിരിച്ചറിവില്‍ ജനങ്ങളെ നേരിട്ട് കാണാനുറച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഓടി നടന്ന് രാജ്യസന്ദര്‍ശനത്തില്‍ മുഴുകിയിരിക്കുകയാണ് പ്രധാനമന്ത്രി. ഫെബ്രുവരി 8 മുതലുള്ള അഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത് പത്ത് സംസ്ഥാനങ്ങളാണ്. ശനിയാഴ്ച പശ്ചിമ ബംഗാളിലെത്തുന്ന മോഡി ഞായറാഴ്ച ജമ്മു കാശ്മീരാണ് സന്ദര്‍ശിക്കുന്നത്.
ഫെബ്രുവരി എട്ടിന് മാത്രം മൂന്ന് സംസ്ഥാനങ്ങളില്‍ മോഡി എത്തുന്നുണ്ട്. ചത്തീസ്ഗഡിലെ റായ്ഗഡിലാണ് മോഡിയുടെ ആദ്യ റാലി. അസംബ്ലി തെരഞ്ഞെടുപ്പില്‍ ബിജെപി തോല്‍വിയേറ്റുവാങ്ങിയതിന് ശേഷം ആദ്യമായാണ് മോഡി ഇവിടെ എത്തുന്നത്. ഇതിന് പിന്നാലെ പശ്ചിമബംഗാളില്‍ മോഡി എത്തും. കഴിഞ്ഞയാഴ്ചയും മോഡി പശ്ചിമബംഗാളില്‍ എത്തിയിരുന്നു. ഇതിന് ശേഷം ആസ്സാമിലേക്ക് തിരിക്കുന്ന മോഡി അവിടെ തങ്ങും.
ഫെബ്രുവരി 9 ന് ഗുവാഹത്തിയില്‍ ബ്രഹ്മപുത്ര നദിക്ക് കുറകെയായി നിര്‍മ്മിക്കുന്ന പാലത്തിന്റെ തറക്കല്ലിടല്‍ നടത്തും. പുതിയ പൈപ്പ് ലൈന്‍ പദ്ധതിയുടെ ഉദ്ഘാടനവും നിര്‍വ്വഹിക്കും. ഇതിന് പിന്നാലെ അരുണാചല്‍ പ്രദേശിലേക്ക് പോകുന്ന മോഡി അവിടെ ഗ്രീന്‍ഫീല്‍ഡ് എയര്‍പോര്‍ട്ടിന് തറക്കല്ലിട്ടതിനു ശേഷം ത്രിപുരയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും.
പിറ്റേ ദിവസം തമിഴ്നാട്ടിലെ തിരുപൂരിലും കര്‍ണാടകയിലെ ഹബ്ബാലിയിലും നടക്കുന്ന തെരഞ്ഞെടുപ്പു റാലികളില്‍ പങ്കെടുക്കും. ഇതേ ദിവസം തന്നെ ആന്ധ്രാപ്രദേശിലെ ഗുണ്ടൂരില്‍ നടക്കുന്ന റാലിയിലും മോഡി എത്തും.
ഫെബ്രുവരി 11 ന് യുപിയിലെ മധുരയിലെത്തുന്ന മോഡി അക്ഷയപാത്ര ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കും. ഫെബ്രുവരി 12 ന് ഹരിയാനയിലെത്തുന്ന മോഡി സ്വച്ഛ് ശക്തി പരിപാടിയിലും പങ്കെടുക്കും.