ചെന്നൈ: ഒരു പരിപാടിയ്ക്കിടെ വേദിയില്‍ മുഖം മറച്ച് മകള്‍ ഖദീജ എത്തിയ സംഭവത്തില്‍ വിശദീകരണവുമായി സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ രംഗത്ത്. ഭാര്യയുടേയും മക്കളുടേയും ചിത്രം ട്വിറ്ററില്‍ ഷെയര്‍ ചെയ്ത് ‘freedom to choose’ എന്ന് കുറിച്ചാണ് എആര്‍ റഹ്മാന്‍ പോസ്റ്റ് ചെയ്തത്.
ഭാര്യയും മക്കളും നിതാ അംബാനിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് റഹ്മാന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ ചിത്രത്തില്‍ ഭാര്യ സൈറ തല മാത്രമേ മറച്ചിട്ടുള്ളു. മറ്റൊരു മകള്‍ റഹീമ മതപരമായ യാതൊരു അടയാളങ്ങളും ഇല്ലാതെയാണ് വസ്ത്രം ധരിച്ചിട്ടുള്ളത്. ഈ ഫോട്ടോയിലും ഖദീജ മുഖം മറച്ച് കറുത്ത പര്‍ദ്ദയിട്ടിട്ടുണ്ട്.
സ്ലം ഡോഗ് മില്യനെയറിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയ്ക്കിടെയായിരുന്നു എആര്‍ റഹ്മാനോടൊപ്പം മകള്‍ ഖദീജ മുഖം മുഴുവന്‍ മറയ്ക്കുന്ന വസ്ത്രം ധരിച്ച് വേദിയിലെത്തിയത്. കറുത്ത പട്ട് സാരി ധരിച്ചിരുന്ന ഖദീജ കണ്ണ് മാത്രം കാണുന്ന തരത്തില്‍ മുഖപടവും ഇട്ടിരുന്നു. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ റഹ്മാനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. റഹ്മാനെ അധിക്ഷേപിക്കുന്ന രീതിയിലുള്ള കമന്റുകളായിരുന്നു പലതും.
ഇതിന് പിന്നാലെയാണ് വിഷയത്തില്‍ പ്രികരണമായി റഹ്മാന്‍ രംഗത്തെത്തിയത്.
അതേസമയം, ആരുടേയും നിര്‍ബന്ധപ്രകാരമല്ല താന്‍ ഇങ്ങനെ വസ്ത്രം ധരിക്കുന്നതെന്ന് ഖദീജയും ഇന്‍സ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. തന്റെ മുഖപടവുമായി മാതാപിതാക്കള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും സ്വന്തം തിരഞ്ഞെടുപ്പാണെന്നും ജീവിതത്തില്‍ അത്തരം കാര്യങ്ങള്‍ തീരുമാനിക്കാനുള്ള ബോധവും പക്വതയും തനിക്കുണ്ടെന്നും ഖദീജ പോസ്റ്റില്‍ പറഞ്ഞു.
വസ്ത്രധാരണം ഓരോരുത്തരുടേയും ഇഷ്ടമാണ്. സ്വാതന്ത്ര്യമാണ്. അതില്‍ മറ്റുള്ളവര്‍ കൈകടത്തുന്നതില്‍ അര്‍ത്ഥമില്ല. കാര്യങ്ങള്‍ മനസിലാക്കാതെ അതിനെ വിമര്‍ശിക്കുന്നത് തെറ്റാണെന്നും ഖദീജ പറഞ്ഞു.
Discussion about this post