ന്യൂഡല്‍ഹി: ബിസിനസിനൊപ്പം മാതൃകാപരമായ സാമൂഹ്യ സേവനവും ചെയ്യുന്നവരാണ് കോര്‍പ്പറേറ്റുകളെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വ്യവസായങ്ങളെയും കോര്‍പറേറ്റുകളെയും കുറ്റപ്പെടുത്തുന്ന സംസ്കാരത്തില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ബിസിനസുകാരെയും വ്യവസായികളെയും മോശക്കാരാക്കുക എന്നത് നമ്മുടെ രാജ്യത്തെ പൊതുവായ സംസ്കാരമാണ്, അത് എന്ത് കൊണ്ടാണെന്ന് തനിക്ക് അറിയില്ല, പക്ഷേ അതൊരു ഫാഷനായി മാറിയിട്ടുണ്ടെന്നും, അത് അംഗീകരിക്കാനാകില്ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ട് വരുവാന്‍ തങ്ങളുടെ കഴിവ് മുഴുവന്‍ പുറത്തെടുക്കണമെന്നും ഐടി കമ്പനികളോട് നരേന്ദ്ര മോഡി നിര്‍ദേശിച്ചു.
ന്യൂഡല്‍ഹി ടൗണ്‍ ഹാളില്‍ ഐടി രംഗത്തെ പ്രെഫഷണലുകളെയും ടെക്കികളെയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐടി കോര്‍പറേറ്റുകള്‍ മികച്ച സാമൂഹ്യ സേവനമാണ് ചെയ്യുന്നത്. ഒപ്പം അവരുടെ ജീവനക്കാരെ അതിന് നിര്‍ബന്ധിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ വികസനത്തില്‍ വ്യവസായികളുടെ പങ്കിനെ കുറിച്ച് തന്റെ മനസാക്ഷിക്ക് ഉറപ്പുള്ളതിനാല്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നതിന് തനിക്ക് ഭയമില്ലെന്ന് കഴിഞ്ഞ ജൂലൈയില്‍ മോഡി പറഞ്ഞിരുന്നു.
Discussion about this post