ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്‍ഹാസന്‍. പുതുച്ചേരി ഉള്‍പ്പടെ നാല്‍പത് മണ്ഡലങ്ങളിലാണ് പാര്‍ട്ടി ജനവിധി തേടുക. കോണ്‍ഗ്രസ് സഖ്യവുമായി കൈകോര്‍ത്തേക്കുമെന്ന അഭ്യൂഹങ്ങളെ തള്ളിയാണ് പാര്‍ട്ടി നിലപാട് നേതാവ് വ്യക്തമാക്കിയത്.
ഫെബ്രുവരി 21ലെ പാര്‍ട്ടി പ്രഖ്യാപനം മുതല്‍ നിലനിന്ന അഭ്യൂഹങ്ങള്‍ക്കാണ് ഇതോടെ വിരാമമാകുന്നത്. ഡിഎംകെയുമായോ അണ്ണാഡിഎംകെയുമായോ കോണ്‍ഗ്രസുമായോ കൈകോര്‍ക്കാന്‍ മക്കള്‍ നീതി മയ്യം ഇല്ല. ബിജെപിയെ തുടര്‍ച്ചയായി കടന്നാക്രമിച്ചപ്പോഴും കോണ്‍ഗ്രസിനോട് പുലര്‍ത്തിയിരുന്ന സമീപനം സഖ്യസാധ്യത വര്‍ധിപ്പിച്ചിരുന്നു.
എന്നാല്‍ ഡിഎംകെയുമായുള്ള കോണ്‍ഗ്രസ് കൂട്ടുകെട്ട് സഖ്യസാധ്യത അവസാനിപ്പിക്കുന്നതിന് വഴിവച്ചു. അഴിമതിയും ജനകീയപ്രശ്‌നങ്ങളും ഉയര്‍ത്തികാട്ടിയുള്ള ഗ്രാമസഭകളിലാണ് ഇപ്പോള്‍ മക്കള്‍ നീതി മയ്യം പ്രവര്‍ത്തകര്‍. അവസരവാദ മുതലെടുപ്പിനായി സഖ്യം ഉണ്ടാക്കിയാല്‍, അഴിമതിവിരുദ്ധ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍ക്കുമെന്നും ഒറ്റയ്ക്ക് മത്സരിക്കാന്‍ കരുത്തുണ്ടെന്നുമാണ് പാര്‍ട്ടി വിലയിരുത്തല്‍.
പുതുച്ചേരിയിലെ ഒരു മണ്ഡലം കൂടാതെ തമിഴ്‌നാട്ടിലെ 39 സീറ്റുകളിലും നാല്‍പത് വയസ്സില്‍ താഴെയുള്ളവരെ സ്ഥാനാര്‍ത്ഥികളാക്കുമെന്നാണ് കമല്‍ഹാസന്‍ പറയുന്നത്. തന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടിയുടെ ഭൂരിപക്ഷ അഭിപ്രായം കണക്കിലെടുത്ത് പ്രഖ്യാപിക്കുമെന്നാണ് കമല്‍ഹാസന്റെ നിലപാട്.
Discussion about this post