ന്യൂഡല്‍ഹി: 2014 ല്‍ നരേന്ദ്ര മോഡിയെയും ബിജെപിയെയും അധികാരത്തില്‍ എത്തിക്കാന്‍ അണിയറയില്‍ തന്ത്രങ്ങളൊരുക്കിയ ‘രാഷ്ട്രീയ ചാണക്യന്’ പ്രശാന്ത് കിഷോര്‍ ഇത്തവണ ശിവസേനയ്ക്കൊപ്പം ചേരുന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലും പ്രശാന്ത് കിഷോര്‍ ശിവസേനയ്ക്കൊപ്പം നില്‍ക്കുമെന്നാണു വിവരം. ശിവസേനാ തലവന്‍ ഉദ്ധവ് താക്കറെ, പാര്‍ട്ടിയുടെ എംപിമാര്‍ തുടങ്ങിയവരുമായി കിഷോര്‍ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തി.
എന്നാല്‍ തിരഞ്ഞെടുപ്പിനു മുന്‍പ് ബിജെപിയുമായി സഖ്യം വേണമോയെന്ന കാര്യം യോഗത്തില്‍ ചര്‍ച്ചയായില്ല. 2014 പൊതു തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിക്കാന്‍ പ്രയോഗിച്ച തന്ത്രങ്ങള്‍ക്കു സമാനമായി എല്ലാ സഹകരണങ്ങളും പ്രശാന്ത് കിഷോര്‍ തങ്ങള്‍ക്കു വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ശിവസേന എംപി ദേശീയ മാധ്യമങ്ങളോടു വെളിപ്പെടുത്തി.
മഹാരാഷ്ട്രയെ ബാധിക്കുന്ന പ്രാദേശിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടാനാണ് അദ്ദേഹം നിര്‍ദേശം നല്‍കിയത്. തിരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള തന്ത്രങ്ങളുള്‍പ്പെടെ അദ്ദേഹം നല്‍കും. മഹാരാഷ്ട്രയില്‍ ശിവസേന മുഖ്യമന്ത്രിയെന്നതാണ് ഉദ്ധവ് താക്കറെയുടെ ലക്ഷ്യം. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തുടങ്ങിയാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ലക്ഷ്യം നേടാന്‍ സാധിക്കുമെന്നാണ് ഉദ്ധവ് താക്കറെയുടെ നിലപാട്.
അതേസമയം ബിജെപിക്കെതിരെ ശിവസേന, ജെഡിയു മുന്നണിയുണ്ടാകില്ലെന്നും ശിവസേന എംപി വ്യക്തമാക്കി. എന്‍ഡിഎയുടെ ഭാഗമായ ജെഡിയുവിന്റെ വൈസ് പ്രസിഡന്റ് കൂടിയാണ് പ്രശാന്ത് കിഷോര്‍. ശിവസേന-ബിജെപി സഖ്യ വിഷയത്തിലും ജെഡിയു ശിവസേന ബന്ധത്തിലും താന്‍ ഇടപെടില്ലെന്നാണു പ്രശാന്ത് കിഷോറിന്റെ നിലപാട്. മഹാരാഷ്ട്രയിലെ ശിവസേനയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ മാത്രമായിരിക്കും അദ്ദേഹത്തിന്റെ ജോലിയെന്നും ശിവസേന വൃത്തങ്ങള്‍ അറിയിച്ചു.
Discussion about this post