ന്യൂഡല്‍ഹി: കടത്തിനു മേല്‍ കടം പെരുകി, എന്നിട്ടും മകനെ കഷ്ടപ്പെട്ട് പഠിപ്പിച്ചു. ഉയര്‍ന്ന മാര്‍ക്കോടെ പാസായിട്ടും ഇന്നും തെരുവില്‍ തന്നെ നില്‍ക്കേണ്ട അവസ്ഥയിലാണ് മകന്. കടങ്ങളെല്ലാം തീര്‍ത്ത് അമ്മയെയും അച്ഛനെയും പൊന്നു പോലെ നോക്കണമെന്ന മകന്റെ ആഗ്രഹങ്ങള്‍ക്കും സ്വപ്‌നങ്ങള്‍ക്കുമാണ് ഇവിടെ വിലങ്ങു തടിയാകുന്നത്. സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ അവരിരുവരും ഡല്‍ഹിയുടെ കൊടുംതണുപ്പില്‍, ഒരു മേല്‍ക്കുപ്പായം പോലുമില്ലാതെ പോരാടുകയാണ്. കിടന്നുറങ്ങാന്‍ സുരക്ഷിതമായൊരു സ്ഥലം പോലും ഇവര്‍ക്കില്ല. ഇരുവരും തൃശ്ശൂര്‍ മുളങ്കുന്നത്തുക്കാവ് സ്വദേശികള്‍ ആണ്.
തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് പൂമലയിലെ സൈമണ്‍ ജോഷ്വയുടെയും മകന്‍ ആകാശിന്റെയും ദുരിതമാണ് ഇവിടെ ഇടംപിടിക്കുന്നത്. ഇവരുടെ ആവശ്യം ഒന്നുമാത്രം പഠിച്ചിറങ്ങിയ മേഖലയില്‍ ജോലി ചെയ്യാന്‍ അവസരം നല്‍കണം. അഥവാ ഓള്‍ ഇന്ത്യ ഫാര്‍മസി കൗണ്‍സിലിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന കോളജുകളില്‍ നിന്നു ഫാം ഡി കോഴ്‌സ് പഠിച്ചവര്‍ക്കു സര്‍ക്കാര്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്ന അവസ്ഥ മാറണം. ഇതില്‍ ഏതെങ്കിലും ഒന്നു നടപ്പായേ മതിയാകൂ എന്ന് ഇവര്‍ പറയുന്നു.
ബോട്ടണിയില്‍ ബിരുദം വരെ പഠിച്ച്, ഫാര്‍മസിയില്‍ ഡിപ്ലോമയെടുത്തതാണ് സൈമണ്‍ ജോഷ്വോ. തന്നെക്കാളും അറിവും വിവരവും പഠിപ്പും തന്റെ മകന് വേണമെന്ന തോന്നലിലാണ് ഫാം ഡി കോഴ്‌സിന് ചേര്‍ത്തത്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ ഇപ്രകാരമായിരുന്നു, പുതിയ കോഴ്‌സാണ്. ഒരുപാടു സാധ്യതകളുള്ള കോഴ്‌സാണ്. പെട്ടെന്നു ജോലി കിട്ടും. ഇതിന്റെ അടിസ്ഥാനത്തില്‍ പാലക്കാട് ഗ്രേസ് കോളജില്‍ ഫാം ഡിക്കു ചേര്‍ന്ന മകനെ പഠിപ്പിക്കാന്‍ ജോലി ഉപേക്ഷിച്ചു കോളജിനടുത്ത് ചെറിയൊരു വീടെടുത്തു. അവനെ പാഠഭാഗങ്ങളിലും നോട്ടസ് എഴുതാനും ഫാര്‍മസി ഡിപ്ലോ പഠിച്ച അച്ഛന്‍ സഹായിച്ചു. അവന്‍ പരീക്ഷയും കടന്നു, തൊഴിലിനിറങ്ങി. അപ്പോഴാണ് 2008ല്‍ തുടങ്ങിയ കോഴ്‌സിലേക്ക് ഇന്നുവരെയും ഒരു തസ്തിക പോലും സൃഷ്ടിച്ചിട്ടില്ലെന്ന്. ഇതാണ് ഇരുവര്‍ക്കും വലിയ തിരിച്ചടിയായത്.
ഇതിനടിയില്‍, പഠിപ്പിച്ചതിന്റെ ഭാഗമായി ഈ കുടുംബത്തിന്റെ കടം ലക്ഷങ്ങള്‍ കവിഞ്ഞു. ആശുപത്രികളിലെ ക്ലിനിക്കല്‍ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ഫാം-ഡി കോഴ്സ് വിദ്യാര്‍ത്ഥികളെ മാത്രം നിയമിക്കുക, സ്വകാര്യ മേഖലയിലടക്കം ജോലി ചെയ്യുന്നവര്‍ക്കായി ഏഴാം ശമ്പളകമ്മിഷന്‍ പ്രകാരമുള്ള ശമ്പളം നല്‍കുക, ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്കു സ്‌റ്റൈപ്പന്‍ഡ് അനുവദിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. രാജ്യത്തെ 233 കോളജുകളില്‍ നിന്നായി 22,000 പേര്‍ ഫാം ഡി കോഴ്‌സ് പഠിച്ചിറങ്ങിയിട്ടുണ്ട്. 44000ത്തോളം വിദ്യാര്‍ത്ഥികള്‍ നിലവില്‍ കോഴ്‌സ് പഠിക്കുന്നുമുണ്ട്.
സര്‍ക്കാരിനടക്കം നിവേദനം പലതു നല്‍കിയിട്ടും നീക്കങ്ങള്‍ ഇല്ലെന്ന് കണ്ടതോടെയാണ് സമരത്തിനിറങ്ങിയത്. ഫാര്‍മസി കൗണ്‍സിലിനു മുന്നില്‍ സമരത്തിനു ചെന്നപ്പോള്‍ ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് ജന്തര്‍ മന്തറിലെത്തിയത്. ഇവിടെ അനിശ്ചിതകാല സമരം നടത്തുന്നതിനു നിയമപരമായുള്ള തടസം ചൂണ്ടിക്കാട്ടി പോലീസ് ആദ്യദിവസം തന്നെ ഒഴിവാക്കി. ഓരോ ദിവസവും പോലീസ് സ്റ്റേഷനില്‍ പോയി അപേക്ഷ നല്‍കി സമരം തുടരുകയാണ് ഇവര്‍.
Discussion about this post