ശ്രീനഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ട്രോളി ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള, കോണ്‍ഗ്രസ് നേതാവ് സല്മാന് നിസാമി. ഞായറാഴ്ച ജമ്മു കാശ്മീരില്‍ എത്തിയ മോഡി സന്ദര്‍ശനത്തിനിടെ കൈവീശിയതിനെയാണ് ഇവര്‍ പരിഹസിച്ചത്.
ശ്രീനഗറില്‍ എത്തിയ മോഡി പ്രസിദ്ധമായ ദാല്‍ തടാകത്തില്‍ ബോട്ട് യാത്ര നടത്തി. യാത്രയ്ക്കിടെ കൈവീശുന്ന വീഡിയോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വീറ്റ് ചെയ്തിരുന്നു. ജാക്കറ്റും കൂളിംഗ് ഗ്ലാസും അണിഞ്ഞ് ബോട്ടില്‍ നീങ്ങുന്ന മോഡി കരയില്‍ നില്ക്കുന്ന ജനക്കൂട്ടത്തിനു നേര്‍ക്കെന്ന മട്ടിലാണ് കൈവീശുന്നത്.
എന്നാല്‍ തെരുവുകളിലും തടാകക്കരയിലും ജനങ്ങള്‍ കുറവായിരുന്നു. മോഡിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വിഘടനവാദികള്‍ മേഖലയില്‍ ബന്ദിന് ആഹ്വാനം നല്‍കിയിരുന്നു. തുടര്‍ന്നാണ് ആളുകള്‍ കുറഞ്ഞത്. ഇതിനെയും മോദിയുടെ കൈവീശലിനെയും പരിഹസിച്ചാണ് നേതാക്കള്‍ രംഗത്തെത്തിയത്. ആളൊഴിഞ്ഞ തടാകതീരത്തിന്റെ ദൃശ്യങ്ങളും മോദിയുടെ ചിത്രങ്ങള്‍ക്കൊപ്പം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇല്ലാത്ത ആള്‍ക്കൂട്ടത്തിനു നേരെയാണു കാമറയ്ക്കു മുന്നില്‍ മോഡി കൈവീശുന്നതെന്ന് വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വീഡിയോയ്ക്കൊപ്പം മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. മോദിയുടെ നേര്‍ക്കു തിരികെ കൈവീശുന്ന ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെടുത്താത്തത് പിഴവായെന്ന് ഒമര്‍ അബ്ദുള്ള പരിഹസിച്ചു. പര്‍വതങ്ങള്‍ക്കു നേരെയുള്ള കൈവീശല്‍ എന്നായിരുന്നു സല്മാന് നിസാമിയുടെ ട്വീറ്റ്.
Discussion about this post