ന്യൂഡല്‍ഹി: ചിട്ടി തട്ടിപ്പുകേസുകളില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്താന്‍ സാധിച്ചേക്കാവുന്ന കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണര്‍ സിബിഐ അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രീംകോടതി. സിബിഐ അന്വേഷണവുമായി ബംഗാള്‍ സര്‍ക്കാര്‍ സഹകരിക്കണമെന്ന് സുപ്രീംകോടതി ഉത്തരവില്‍ പറയുന്നു. കൊല്‍ക്കത്ത സിറ്റി പോലീസ് കമ്മീഷണര്‍ രാജീവ് കുമാര്‍ അന്വേഷണ ഏജന്‍സിക്ക് മുന്‍പാകെ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. കേസില്‍ കേന്ദ്ര സര്‍ക്കാറുമായി തുറന്ന യുദ്ധം പ്രഖ്യാപിച്ച മമതാ ബാനര്‍ജിക്ക് കോടതി വിധി തിരിച്ചടിയായിരിക്കുകയാണ്.
അതേസമയം, വിധി സ്വാഗതം ചെയ്യുന്നെന്നും സര്‍ക്കാരിന് വിഷയത്തില്‍ ധാര്‍മ്മിക വിജയമാണ് ഉണ്ടായിരിക്കുന്നതെന്നും മമത പ്രതികരിച്ചു. മോഡി രാജ്യത്തിന്റെ ബിഗ്ബോസ് ആകാന്‍ ശ്രമിക്കേണ്ടെന്നും മമത പരാമര്‍ശിച്ചു.
സിബിഐയുടെ നടപടി രാഷ്ട്രീയമായി എതിര്‍ക്കുമ്പോഴും ചിട്ടിക്കേസുകളിലെ വസ്തുതകള്‍ മമതക്ക് അനുകൂലമല്ല എന്നതാണു സ്ഥിതി. തൃണമൂലിന്റെ ഏതാനും എംപിമാര്‍ സംഭവത്തില്‍ നേരത്തെ അറസ്റ്റിലായിരുന്നു. മമതയും ചില ബന്ധുക്കളും സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടുണ്ടെന്നാണ് ബിജപിയുടെ ആരോപണം.
അതേസമയം കഴിഞ്ഞ ദിവസത്തെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ മാത്രം ബംഗാളില്‍ രാഷ്ട്രപതി ഭരണത്തിനുള്ള നടപടി എടുക്കേണ്ടെന്നാണ് കേന്ദ്രസര്‍ക്കാറിന്റെ നിലപാട്. രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നത് മമതയ്ക്ക് വീരപരിവേഷം നല്‍കുമെന്നും ബിജെപി വിലയിരുത്തുന്നു.
Discussion about this post