‘എനിക്ക് നിങ്ങളുടെ സഹായം വേണം’, ഊന്നുവടിയും പിടിച്ച് കൈയ്യില്‍ ഒരു പ്ലക്കാര്‍ഡുമായി മുന്‍ സൈനികന്‍..! കൈത്താങ്ങായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: മുന്‍ സൈനികന് കൈത്താങ്ങായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. ഡല്‍ഹിയിലെ തെരുവോരങ്ങളില്‍ ഊന്നുവടിയും പ്ലക്കാര്‍ഡും പിടിച്ച് സഹായം തേടുന്ന ഇദ്ദേഹത്തെ എല്ലാവരും ശ്രദ്ധിക്കും. കാരണം പീതാംബരന്‍ തന്റെ ജീവിതത്തിന്റെ ഒരു വശം തന്നെയാണ് പ്ലക്കാര്‍ഡില്‍ എഴുതിയിരിക്കുന്നത്. എനിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്. ഈ അടുത്ത് എനിക്കൊരു അപകടം സംഭവിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ടുകയാണ്. ചികിത്സയ്ക്ക് പണം ആവശ്യമാണ്, സഹായിക്കണം എന്നാണ് പ്ലക്കാര്‍ഡില്‍ എഴുതിയിരുന്നത്.

പട്ടാളത്തില്‍നിന്ന് വിരമിച്ചതിനുശേഷമുണ്ടായ അപകടത്തെ തുടര്‍ന്ന് അവശനിലയിലായ പീതാംബരന് സഹായഹസ്തവുമായാണ് ഗംഭീര്‍ എത്തിയത്. കോനൗട്ട് പ്രദേശത്ത് നിന്നാണ് പീതാംബരനെ ഗംഭീര്‍ ആദ്യമായി കാണുന്നത്. ഊന്നുവടിയും പിടിച്ച് അവശനായിരുന്നു അദ്ദേഹം.

പട്ടാളത്തില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്ന് തെളിയിക്കുന്നതിനായി കഴുത്തില്‍ തിരിച്ചറിയല്‍ കാര്‍ഡ് അണിഞ്ഞാണ് പീതാംബരന്‍ നില്‍ക്കുന്നത്. 1965 മുതല്‍ 1971 വരെ ഏഴ് വര്‍ഷമാണ് പീതാംബരന്‍ സൈനികനായി സേവനം അനുഷ്ഠിച്ചത്. ഇതുകൂടാതെ 1967ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധത്തിലും പീതാംബരന്‍ പങ്കെടുത്തിട്ടുണ്ട്.

പീതാംബരന്റെ കഥ കേട്ട ഗൗതംഗംഭീര്‍ അദ്ദേഹത്തിന്റെ അവസ്ഥ ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ സേനയുടെ ഭാഗത്തുനിന്ന് വേണ്ട സഹായമോ പിന്തുണയോ പീതാംബരന് ലഭിക്കുന്നില്ല. തെരുവുകളില്‍ ഭിക്ഷയെടുക്കുന്നത് നിര്‍ത്താന്‍ പീതാംബരനെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് വിഷയം കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാമാരന്‍, പ്രതിരോധ മന്ത്രാലയ വക്താവ്, പബ്ലിക് ഇന്‍ഫര്‍മേഷന്‍ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ എന്നിവരുടെ ശ്രദ്ധയില്‍പ്പെടുത്താനും ഗംഭീറിന് സാധിച്ചിട്ടുണ്ട്.

സംഭവം ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം വിഷയത്തില്‍ പ്രതികരിച്ച് അധികൃതര്‍ രംഗത്തെത്തി. നിങ്ങള്‍ ഉയര്‍ത്തിയ ആശങ്കയെ ഞങ്ങള്‍ അഭിനന്ദിക്കുന്നു. ഞങ്ങളുടെ ഉത്തരവാദിത്വം എത്രയും വേഗത്തില്‍ പൂര്‍ണ്ണമാക്കുമെന്ന് ഉറപ്പുതരുന്നതായും പ്രതിരോധ മന്ത്രാലയ വക്താവ് ഗംഭീറിനെ അറിയിച്ചു.

Exit mobile version