ബംഗളൂരു: ഏക്കര്‍ കണക്കിന് തരിശായി കിടന്ന ഭൂമി കാടാക്കി മാറ്റുന്നതിന് കഷ്ടപ്പാട് ചെറുതല്ല. എന്നാല്‍ മൂന്നു വര്‍ഷം കൊണ്ട് ഏക്കര്‍ കണക്കിന് തരിശായി കിടന്ന ഭൂമി ഒരു വനം തന്നെ ആക്കി മാറ്റിയിരിക്കുകയാണ് ഈ ഫോട്ടാ ഗ്രാഫര്‍. ഇദ്ദേഹത്തിന്റെ കഠിനാധ്വാനത്തിലൂടെ നഷ്ടപ്പെട്ടുപോയ ഒരു കൂട്ടം പക്ഷികളെയും മൃഗങ്ങളെയുമാണ് തിരികെ കൊണ്ടു വന്നത്.
കര്‍ണാടകയില്‍ നിന്നുള്ള ഫോട്ടോഗ്രാഫര്‍ പൊമ്പയ്യയുടെ കഠിനാധ്വാനത്തിലാണ് ഇതെല്ലാം സാധ്യമായിട്ടുള്ളത്. ”ആദ്യമായി 50 തൈകള്‍ നട്ടപ്പോള്‍ ഞാന്‍ കരുതിയത് അതില്‍ രണ്ടെണ്ണമെങ്കിലും വളരും എന്നാണ് കരുതിയത്. പക്ഷേ എല്ലാ ചെടിയും വളര്‍ന്നു. എന്റെ തോട്ടത്തില്‍ 800 മരങ്ങള്‍ വളര്‍ന്നു”-പൊമ്പയ്യ പറയുന്നു. വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറായ പൊമ്പയ്യക്ക് കാടിനോടും പ്രകൃതിയോടുമുള്ള ഇഷ്ടം ചെറുപ്പത്തിലെ ഉള്ളതാണ്.
കനാലിനപ്പുറത്ത് തന്റെ ഭൂമിയോട് തൊട്ടുകിടക്കുന്ന തരിശായിക്കിടക്കുന്ന ഭൂമി ആയിടയ്ക്കാണ് പൊമ്പയ്യയുടെ ശ്രദ്ധയില്‍ പെട്ടത്. അങ്ങനെയാണ് ആ ഭൂമിയില്‍ കാടിനെ വാര്‍ത്തെടുക്കാന്‍ ഒരുങ്ങിയത്. അങ്ങനെ, തുംഗഭദ്ര ബോര്‍ഡിനോട് അനുമതി തേടി. ആശയത്തിന് അധികൃതര്‍ അംഗീകാരവും നല്കി. ഉടമസ്ഥാവകാശം എന്നത് മനസ്സിലേ ഉണ്ടായിരുന്നില്ലെന്ന് പൊമ്പയ്യ പറയുന്നു.
തെങ്ങ്, വേപ്പ്, പപ്പായ എന്നിവ നട്ടുപിടിപ്പിക്കുകയായിരുന്നു ആദ്യജോലി. അമ്പതെണ്ണം നട്ടാല്‍ രണ്ടെണ്ണമെങ്കിലും ബാക്കിയാകും എന്നായിരുന്നു പ്രതീക്ഷ. പക്ഷേ, എല്ലാം ബാക്കിയായി. അതോടെ പൊമ്പയ്യക്ക് പ്രതീക്ഷയായി. ആ സ്ഥലത്തെ മണ്ണ് വളരെ മോശമായിരുന്നു. അങ്ങനെ ചില ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സഹായത്തോടെ നല്ല മണ്ണ് സ്ഥലത്ത് എത്തിച്ചു. പഞ്ചായത്തംഗത്തിന്റെ സഹായത്തോടെ അദ്ദേഹം പിന്നീട് വനം വകുപ്പുമായി ബന്ധപ്പെട്ടു. വനം വകുപ്പിന് പൊമ്പയ്യയുടെ ആത്മാര്‍ത്ഥത ബോധ്യപ്പെട്ടതോടെ വനം വകുപ്പ് അദ്ദേഹത്തിന് തൈകള്‍ നല്കി.
സ്വന്തം സ്ഥലത്തും സര്‍ക്കാരിന്റെ സ്ഥലത്തും പേര, പപ്പായ, തേക്ക്, വേപ്പ്, തുടങ്ങി വ്യത്യസ്ത തരം ചെടികള്‍ നട്ടുപിടിപ്പിച്ചു. പൊമ്പയ്യയുടെ സുഹൃത്തും അയല്‍ക്കാരനുമായ മഞ്ജുനാഥ് തന്റെ സ്വന്തം കിണറില്‍ നിന്നും ഇതിനെല്ലാം വെള്ളം നനച്ചു. ഇന്ന് 800ല്‍പ്പരം മരങ്ങളുണ്ട് പൊമ്പയ്യയുടെ മണ്ണില്‍. വിവിധയിനം പക്ഷികള്‍, തേന്‍ കരടി, പുള്ളിപ്പുലി, മരപ്പട്ടി തുടങ്ങിയ മൃഗങ്ങളും ഈ കാട്ടിലുണ്ടെന്ന് പൊമ്പയ്യ അഭിമാനത്തോടെ പറയുന്നു. ഈ കഠിനാധ്വാനത്തിന് സമൂഹമധ്യമങ്ങള് നിറകൈയ്യടികളാണ് നല്‍കുന്നത്.
Discussion about this post