ഇത്തവണ ആരുമായും സഖ്യമുണ്ടാക്കില്ല, പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയാകും; ഷീലാ ദീക്ഷിത്

അതേ സമയം തങ്ങളുടെ പഴയ പ്രതാപം തിരിച്ചു പിടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്മി പാര്‍ട്ടിയെയും ബിജെപിയെയും ഒരുപോലെ എതിര്‍ക്കുമെന്ന് മുന്‍ ഡല്‍ഹി മുഖ്യമന്ത്രിയും പിസിസി അദ്ധ്യക്ഷയുമായ ഷീലാദീക്ഷിത്. പാര്‍ട്ടി പറഞ്ഞാല്‍ സ്ഥാനാര്‍ത്ഥിയാകുമെന്നും ഷീലാദീക്ഷിത് വ്യക്തമാക്കി.

ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ വലിയ മുന്നേറ്റമുണ്ടാക്കിയപ്പോഴും കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും ബിജെപിക്ക് ആയിരുന്നു വിജയം. അതേ സമയം തങ്ങളുടെ പഴയ പ്രതാപം തിരിച്ചു പിടിക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. അതിനാണ് ഡല്‍ഹിയില്‍ ദീര്‍ഘകാലം മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ കളത്തിലിറക്കാന്‍ ഒരുങ്ങുന്നത്. എന്നാല്‍ ആരുമായും സഖ്യമുണ്ടാക്കില്ലെന്നായിരുന്നു സ്ഥാനാര്‍ത്ഥിയാകുമോ എന്ന ചോദ്യത്തിന് ഷീലാദീക്ഷിതിന്റെ പ്രതികരണം.

അഴിമതി വിരുദ്ധ സമരത്തിലൂടെ വന്ന ആംആദ്മി പാര്‍ട്ടിക്ക് ഡല്‍ഹിയില്‍ മധ്യവര്‍ഗ്ഗത്തിനിടയില്‍ ഉണ്ടായിരുന്ന സ്വാധീനം കുറഞ്ഞുവെന്നാണ് കോണ്‍ഗ്രസിന്റെ കണക്ക്. അതേ സമയം ജിഎസ്ടിയും നോട്ട് നിരോധനവും റാഫേല്‍ അഴിമതിയുമൊക്കെയാണ് കോണ്‍ഗ്രസ് ബിജെപിക്കെതിരെ ആയുധമാക്കുന്നത്.

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ നാല്‍പ്പത്തിയാറ് ശതമാനം വോട്ട് ബിജെപിക്കും മുപ്പത്തിമൂന്ന് ശതമാനം വോട്ട് ആംആദ്മി പാര്‍ട്ടിക്കും കിട്ടി. കോണ്‍ഗ്രസ് കിട്ടിയത് വെറും പതിനഞ്ച് ശതമാനം വോട്ടുമാത്രം. അതുകൊണ്ടു തന്നെ ഇത്തവണ തിരിച്ചുവരവിനായി വലിയ കടമ്പകള്‍ തന്നെ കോണ്‍ഗ്രസിന് കടക്കേണ്ടി വരും.

Exit mobile version