ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന്റെ ബജറ്റ് പ്രസംഗത്തിനെതിരെ വിമര്‍ശനവുമായി മുന്‍ധനകാര്യ മന്ത്രി പി ചിദംബരം. നോട്ട് നിരോധിച്ച വര്‍ഷം 8.2 ശതമാനം സാമ്പത്തിക വളര്‍ച്ച ഉണ്ടായെങ്കില്‍ ഇത്തവണ നൂറ് രൂപ നിരോധിക്കൂ എന്ന് ചിദംബരം ട്വീറ്റ് ചെയ്തു. ധനകമ്മി ടാര്‍ജറ്റ് നിലനിര്‍ത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല എന്നും അദ്ദേഹം ട്വീറ്റില്‍ പറയുന്നു. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ വളര്‍ച്ചാ നിരക്ക് 8.2 % ആയി ഉയര്‍ന്നുവെന്ന് പിയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
ഇതിനു മറുപടിയായി ‘നോട്ട് നിരോധിച്ച വര്‍ഷത്തിലാണ് മോഡി സര്‍ക്കാറിനു കീഴില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച രേഖപ്പെടുത്തിയത്. അതിനാല്‍ നമുക്ക് ഒരു തവണ കൂടി നോട്ടു നിരോധിക്കാം. ഇത്തവണ നൂറ് രൂപയുടെ നോട്ടാകട്ടെ നിരോധിക്കുന്നത്.’ – ചിദംബരം ട്വീറ്റ് ചെയ്തു.
കൂടാതെ, 45 വര്‍ഷത്തിലെ ഏറ്റവും കുറഞ്ഞ തൊഴിലവസരങ്ങള്‍ ഉണ്ടാകുമ്പോള്‍ എങ്ങനെയാണ് 7% വളര്‍ച്ച ഉണ്ടായി എന്ന് വിശ്വസിക്കുക എന്ന് പി ചിദംബരം ചോദിച്ചു. നോട്ടു നിരോധനത്തിനുശേഷം 2017-18ല്‍ രാജ്യത്തെ തൊഴിലില്ലായ്മ 6.1 ശതമാനത്തിലെത്തി എന്നും കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്മയാണിതെന്നും മോഡി സര്‍ക്കാര്‍ പൂഴ്ത്തിവെച്ച ദേശീയ സാമ്പിള്‍ സര്‍വേ ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു.