ന്യൂഡല്‍ഹി: നോട്ട് നിരോധനവും ജിഎസ്ടിയും വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചുവെന്ന് ധനകാര്യ വകുപ്പിന്റെ താല്‍ക്കാലിക ചുമതലയുള്ള റെയില്‍ വെ മന്ത്രി പീയുഷ് ഗോയല്‍. നോട്ടുനിരോധനത്തിന് ശേഷം രാജ്യത്തിന്റെ നികുതി വരുമാനം ഗണ്യമായി വര്‍ദ്ധിച്ചെന്ന് മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിനിടെ പീയുഷ് ഗോയല്‍ പറഞ്ഞു.
നോട്ട് നിരോധനത്തിന് ശേഷം പ്രത്യക്ഷ നികുതി വരുമാനത്തില്‍ 18 ശതമാനം വളര്‍ച്ചയുണ്ടായെന്നും, 6.38 ലക്ഷം കോടിയില്‍ നിന്ന് 12 ലക്ഷം കോടിയായി പ്രത്യക്ഷനികുതി വരുമാനം ഉയര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു കോടിയിലേറെപ്പേര്‍ നോട്ട് നിരോധനത്തിന് ശേഷം പുതിയതായി വരുമാന നികുതി റിട്ടേണുകള്‍ സമര്‍പ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
ഒന്നരലക്ഷം കോടിയിലേറെ രൂപയുടെ കള്ളപ്പണം ഈ കാലയളവിനിടെ പുറത്തുവന്നു. കള്ളപ്പണത്തിനെതിരായ നടപടികള്‍ക്കിടെ 3.38 ലക്ഷം വ്യാജ കമ്പനികളുടെ രജിസ്ട്രേഷന് റദ്ദാക്കി. കള്ളപ്പണം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ നികുതി പരിഷ്കാരമായിരുന്നു ജിഎസ്ടി എന്ന് പിയുഷ് ഗോയല്‍ പറഞ്ഞു. 2019 ജനുവരി വരെ ഒരു ലക്ഷം കോടിയിലധികം ജിഎസ്ടിയിലൂടെ വരുമാനമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post