ചെന്നൈ: ട്രാഫിക് പോലീസിന്റെ അസഭ്യവര്‍ഷത്തില്‍ മനംനൊന്ത് ടാക്സി ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. യാത്രക്കാരിയുടെ മുന്നിലിട്ടു ട്രാഫിക് പോലീസ് ഉദ്യോഗസ്ഥര്‍ തെറി വിളിച്ചതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് യുവാവ് തന്നെ പകര്‍ത്തിയ വീഡിയോയില്‍ വിശദീകരിക്കുന്നു. കാഞ്ചീപുരം കമ്മവര്പാളയം സ്വദേശി രാജേഷ് മൂര്‍ത്തി (25) ആണ് എംഎം നഗറിനു സമീപം ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കിയത്. പോലീസിന്റെ പെരുമാറ്റത്തില്‍ കടുത്ത മനോവിഷമത്തിലാണെന്നും, കാര്‍ മാറ്റി പാര്‍ക്ക് ചെയ്തിട്ടും പിന്നാലെ എത്തി വീണ്ടും അസഭ്യം പറഞ്ഞതായും രാജേഷ് വീഡിയോയില്‍ പറയുന്നുണ്ട്. നോ പാര്‍ക്കിങ് ബോര്‍ഡിനു സമീപം പാര്‍ക്ക് ചെയ്തെന്ന് ആരോപിച്ച് പോലീസ് ഇയാളെ അസഭ്യം പറയുകയായിരുന്നു.
പോലീസ് കാരണമില്ലാതെ അസഭ്യവര്‍ഷം നടത്തിയതില്‍ മനംനൊന്ത് ജീവനൊടുക്കുകയാണെന്നും, ചെന്നൈ പോലീസാണ് ഉത്തരവാദികളെന്നും വ്യക്തമാക്കുന്ന വീഡിയോ രാജേഷ് സ്വന്തം മൊബൈലില്‍ ഷൂട്ട് ചെയ്തതിനു ശേഷം ജീവനൊടുക്കുകയായിരുന്നു. രാജേഷിന്റെ മൃതദേഹം റെയില്‍വേ ട്രാക്കിലാണ് കണ്ടെത്തിയത്. കുടുംബ പ്രശ്നമോ തൊഴില്‍ പ്രശ്നമോ മൂലം രാജേഷ് ആത്മഹത്യ ചെയ്തതാണെന്നാണു പോലീസ് ആദ്യം പറഞ്ഞത്.
രാജേഷന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് കോള്‍ ടാക്സി ഡ്രൈവര്‍മാര്‍ രാജേഷ് ജോലി ചെയ്യുന്ന ട്രാവല്‍ സ്ഥാപനത്തിനു മുന്നില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടു പ്രതിഷേധിച്ചു. എന്നാല്‍ രാജേഷിന്റെ വീഡിയോ ലഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചതോടെയാണു സംഭവത്തില്‍ പോലീസിനു പങ്കുണ്ടെന്നു തെളിഞ്ഞത്. രാജേഷിന്റെ മൊബൈലിലെ വീഡിയോ നീക്കം ചെയ്തു തെളിവു നശിപ്പിക്കാന്‍ പോലീസ് ശ്രമിച്ചതായും മരണത്തില്‍ സംശയം തോന്നി സോഫ്റ്റ്വെയര് ഉപയോഗിച്ചു മൊബൈലിലെ ഫയലുകള്‍ വീണ്ടെടുത്തപ്പോഴാണു വീഡിയോ ലഭിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.
സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് സ്വമേധയാ കേസെടുത്തു. സംഭവം അന്വേഷിക്കാന്‍ അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്. 2018 ജനുവരിയില്‍ ഒഎംആര്‍ റോഡില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെന്ന് ആരോപിച്ചു പോലീസ് മര്‍ദ്ദിച്ചതില്‍ മനംനൊന്തു മണികണ്ഠന് (21) എന്ന ടാക്സി ഡ്രൈവര്‍ അതേ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ തീകൊളുത്തി ജീവനൊടുക്കിയിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട പോലീസുകാരെ സ്ഥലം മാറ്റിയെന്നല്ലാതെ മറ്റു നടപടികളുണ്ടായില്ല. ചെന്നൈയില്‍ പോലീസുകാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചു പരാതികള്‍ പതിവാകുകയാണ്.
Discussion about this post