ന്യൂഡല്‍ഹി: ഇന്ന് ഇടക്കാല ബജറ്റ് അവതരിപ്പികും. ജനപ്രിയപദ്ധതികളും കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളും ബജറ്റില്‍ ഉള്‍പ്പെടുത്തും. തെരഞ്ഞെടുപ്പ് മുന്നോടിയായി അവതരിപ്പിക്കുന്ന ബജറ്റില്‍ സര്‍ക്കാര്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു.
ബജറ്റിന് മുന്നോടിയായുള്ള സര്‍വേ റിപ്പോര്‍ട്ട് സാധാരണമായി ബജറ്റിന് തലേദിവസം സഭയില്‍ വെക്കാറുണ്ട്. എന്നാല്‍ സര്‍ക്കാര്‍ സഭയില്‍ വെച്ചില്ല. 14 ദിവസങ്ങളായി 20 സിറ്റിങ്ങുകളാണ് ബജറ്റ് സമ്മേളനത്തിനുള്ളത്. പ്രധാനവിഷയങ്ങളില്‍ നിലവിലുള്ള ഓര്‍ഡിനന്‍സുകള്‍ക്കുപകരം ബില്‍ പാസാക്കുകയാണ് സര്‍ക്കാരിന്റെ അടിയന്തരലക്ഷ്യമെന്ന് പാര്‍ലമെന്ററികാര്യമന്ത്രി നരേന്ദ്രസിങ് തോമര്‍ പറഞ്ഞു. മുത്തലാഖ് ഓര്‍ഡിനന്‍സ്, ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓര്‍ഡിനന്‍സ്, കമ്പനീസ് ഭേദഗതി ഓര്‍ഡിനന്‍സ് എന്നിവയ്ക്കു പകരം ബില്‍ അവതരിപ്പിക്കും.
ശീതകാല സമ്മേളനത്തില്‍ പാസാക്കാന്‍ കഴിയാതിരുന്ന ബില്ലുകളും പാര്‍ലമെന്റിലെത്തും. ജുവനൈല്‍ ജസ്റ്റിസ് ഭേദഗതി ബില്‍, ആധാര്‍ ബില്‍, പൗരത്വ ഭേദഗതി ബില്‍ തുടങ്ങിയവയാണ് പരിഗണിക്കാനൊരുങ്ങുന്നത്. സമ്മേളനത്തിനു മുന്നോടിയായി ഇന്നലെ സര്‍ക്കാര്‍ കക്ഷിനേതാക്കളുടെ യോഗം വിളിച്ചുചേര്‍ത്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ദേശീയ പ്രാധാന്യമുള്ള വിഷയങ്ങള്‍ക്കു പരിഹാരം കണ്ടെത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റംഗങ്ങള്‍ എന്ന നിലയില്‍ എല്ലാവരും ചുമതല നിര്‍വഹിക്കുമെന്ന് രാജ്യം പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവര്‍ത്തിക്കണമെന്നും മോഡി നിര്‍ദേശിച്ചു.
Discussion about this post