ന്യൂഡല്‍ഹി: ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുമായി നടത്തിയ കൂടിക്കാഴ്ചയിലെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ പുറത്ത് പറഞ്ഞത് പൊതു കാര്യങ്ങള്‍ മാത്രമാണെന്നും രാഹുല്‍ പറഞ്ഞു. റാഫേലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒപ്പുവെച്ച കരാറിനെക്കുറിച്ച് അറിയില്ലയെന്ന് മനോഹര്‍ പരീക്കര്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞതാണെന്നും ഇതാണ് പ്രസംഗത്തില്‍ വ്യക്തമാക്കിയതെന്നും പരീക്കറിനയച്ച കത്തില്‍ രാഹുല്‍ ഗാന്ധി പറയുന്നു.
പ്രധാനമന്ത്രിയെ പിന്തുണയ്ക്കാന്‍ പരീക്കര്‍ അമിതമായ സമ്മര്‍ദ്ദത്തിലാണെന്ന കാര്യം മനസ്സിലാക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആരോഗ്യാവസ്ഥയില്‍ തനിക്ക് വിഷമമുണ്ടെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കത്തില്‍ പറയുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച മനോഹര്‍ പരീക്കറിനെ ഗോവയിലെത്തിയ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. അതിനു ശേഷം ഒരു പ്രസംഗത്തില്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാന്‍ പുതിയ കരാര്‍ ഒപ്പിടുന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്ന് മുന്‍ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ കൂടിക്കാഴ്ചയില്‍ പറഞ്ഞതായി രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
ഇതിനെതിരെ മനോഹര്‍ പരീക്കര്‍ രംഗത്ത് വന്നിരുന്നു. രാഷ്ട്രീയലാഭത്തിനു വേണ്ടി നുണകള്‍ പറയരുതെന്നും ഗുരുതരരോഗമുളള ഒരാളോട് ഇത്തരം കുടില തന്ത്രങ്ങള്‍ പാടില്ലെന്നും പരീക്കര്‍ പറഞ്ഞിരുന്നു.
Discussion about this post