മുംബൈ: തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റിസര്‍വ് ബാങ്കിന്റെ മിച്ചധനത്തില്‍നിന്ന് 40,000 കോടി രൂപകൂടി വാങ്ങാന്‍ കേന്ദ്രസര്‍ക്കാര്‍ സമ്മര്‍ദ്ദം ശക്തമാക്കി. അവസാന നിമിഷം വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടാനുള്ള ജനപ്രിയ പദ്ധതികള്‍ക്ക് ഈ പണം വിനിയോഗിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ലാഭത്തില്‍നിന്ന് 50,000 കോടി രൂപ റിസര്‍വ് ബാങ്ക് നേരത്തേതന്നെ കേന്ദ്രസര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഇതിനുപുറമേ കരുതല്‍ധനത്തില്‍നിന്ന് കൂടുതല്‍ പണം നല്കാന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യങ്ങളോട് മുഖം തിരിച്ചതോടെയാണ് മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന് സ്ഥാനം നഷ്ടമായത്. അതേസമയം നിലവിലെ ഗവര്‍ണറായ തങ്ങളുടെ വിശ്വസ്തന് ശക്തികാന്ത ദാസിലാണ് കേന്ദ്രത്തിന്റെ പുതിയ പ്രതീക്ഷ.
പണത്തിനായുള്ള സമ്മര്‍ദ്ദം കേന്ദ്രം ഇതോടെ ശക്തിപ്പെടുത്തുകയാണ്. റിസര്‍വ് ബാങ്ക് നിയമത്തിന്റെ 47-ാം വകുപ്പില്‍ ലാഭത്തിന്റെ ഒരു വിഹിതമാണ് ഓരോ വര്‍ഷവും കേന്ദ്രസര്‍ക്കാരിന് കൈമാറാന്‍ നിഷ്കര്‍ഷിക്കുന്നത്. എന്നാല്‍, ചെലവുകഴിച്ചുള്ള മുഴുവന്‍ മിച്ചവും കേന്ദ്രത്തിന് നല്‍കുകയാണ് പൊതുവേ ആര്‍ബിഐ. ചെയ്യുന്നത്. നോട്ടുനിരോധനം കാരണമുള്ള അധികച്ചെലവുകാരണം ലാഭം കുറഞ്ഞതുകൊണ്ട് 2016-17 സാമ്പത്തികവര്‍ഷത്തെ ലാഭവിഹിതമായി 30,659 കോടി രൂപയേ നല്‍കിയിട്ടുള്ളൂ. 2018-19 സാമ്പത്തികവര്‍ഷത്തെ ലാഭവിഹിതമായാണ് 50,000 രൂപ നല്‍കിയത്. അതുപോരെന്നാണ് സര്‍ക്കാര്‍ നിലപാട്.
ചരക്ക്-സേവന നികുതിയില്‍നിന്നുള്ള വരുമാനം ലക്ഷ്യത്തിലും താഴെപ്പോയതും പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തിവില്‍പ്പനയില്‍നിന്ന് ഉദ്ദേശിച്ച തുക കിട്ടാത്തതുമാണ് കൂടുതല്‍ പണത്തിന് ആര്‍ബിഐ.യെ സമീപിക്കാന്‍ കേന്ദ്രത്തെ നിര്‍ബന്ധിതരാക്കിയത്. രാജ്യത്തെ പാവപ്പെട്ടവര്‍ക്കെല്ലാം നിശ്ചിതതുക മാസവരുമാനമായി അക്കൗണ്ടിലെത്തിക്കുന്ന പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ഭൂവിസ്തൃതിയനുസരിച്ച് സഹായധനം നല്‍കാനും ആലോചനയുണ്ട്. തിരഞ്ഞെടുപ്പിനുമുമ്പ് ഇവ നടപ്പാക്കണമെങ്കില്‍ ആര്‍ബിഐയില്‍നിന്ന് പണം കിട്ടിയേ തീരൂ.
ശക്തികാന്ത ദാസ് ഗവര്‍ണറായതോടെ കേന്ദ്രനിര്‍ദേശത്തിന് ആര്‍ബിഐ ഉടന്‍ വഴങ്ങുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, മിച്ചധനം ചെലവഴിക്കുന്ന കാര്യത്തില്‍ മാര്‍ഗരേഖ ആവിഷ്കരിക്കുന്നതിന് സമിതിയെ നിയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. വെള്ളിയാഴ്ച ഇടക്കാല ബജറ്റ് അവതരിപ്പിക്കാനിരിക്കേയാണ് കേന്ദ്രസര്‍ക്കാര്‍ പണത്തിനായി ആര്‍ബിഐയ്ക്കുമേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയത്.
Discussion about this post