അന്നത്തെ തെറ്റ് തിരുത്തി മോഡി: സ്റ്റേജില്‍നിന്ന് വീണ ക്യാമറാമാന് സഹായ ഹസ്തവുമായി പ്രധാനമന്ത്രിയും

ന്യൂഡല്‍ഹി: സ്റ്റേജില്‍നിന്ന് തെന്നിവീണ ക്യാമറാമാന് കൈത്താങ്ങായി താരമായി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. പ്രധാനമന്ത്രിയുടെ പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ക്യാമറാമാന്‍ കാല്‍തെറ്റി നിലത്ത് വീണത്. തുടര്‍ന്ന് ഇയാളെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതിനായി മോഡി പ്രസംഗം നിര്‍ത്തിവച്ചു.

കാല്‍ തെറ്റി നിലത്തുവീണ ക്യാമറാമാനെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ച രാഹുല്‍ ഗാന്ധിയെ സൈബര്‍ലോകം ഏറെ പ്രശംസിച്ചിരുന്നു. ഡിജിപി കുഴഞ്ഞുവീണിട്ടും തിരിഞ്ഞു നോക്കാതെ പ്രസംഗം തുടര്‍ന്നതിന് മോഡി ഏറെ വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. അന്നത്ത ചീത്തപ്പേര് മാറ്റാനുള്ള ശ്രമമാണെന്നും സൈബര്‍ലോകം പറയുന്നു.

സൂറത്തില്‍ മോഡി പങ്കെടുക്കുന്ന പരിപാടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയാണ് ക്യാമറാമാന്‍ കാല്‍ തെറ്റി സ്റ്റേജില്‍നിന്ന് നിലത്തേക്ക് വീണത്. തുടര്‍ന്ന് പ്രധാനമന്ത്രി തന്റെ പ്രസംഗം നിര്‍ത്തി പരിക്കേറ്റ ക്യാമറാമാനെ ആശുപത്രിയിലെത്തിക്കാനുള്ള കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ആളുകള്‍ ചേര്‍ന്ന് ക്യാമറാമാനെ ആശുപത്രിയില്‍ എത്തിച്ചു.

അതേസമയം, മോഡി ആദ്യമായല്ല തന്റെ പ്രസംഗം പകുതിക്ക് വച്ച് നിര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം ബിജെപിയുടെ ഡല്‍ഹിയിലെ ആസ്ഥാനമന്ദിരത്തിന് സമീപത്തുള്ള പള്ളിയില്‍ ബാങ്ക് വിളിക്കുന്നതിനെ തുടര്‍ന്ന് മോഡി രണ്ട് മിനിട്ട് പ്രസംഗം നിര്‍ത്തി വച്ചിരുന്നു.

2013 ആഗസ്റ്റ് 15ന് മോഡി പങ്കെടുത്ത സ്വാതന്ത്രദിന പരിപാടിക്കിടെയാണ് ഗുജറാത്ത് ഡിജിപി കുഴഞ്ഞുവീണത്. എന്നാല്‍ അന്ന് അയാളെ ശ്രദ്ധിക്കാതെ മോ?ദി തന്റെ പ്രസംഗം തുടരുകയായിരുന്നു. മോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന സമയത്തായിരുന്നു സംഭവം. 2014ലാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്. രേ?ഗാവസ്ഥയിലായ ആളെ പരിഗണിക്കാതെ തന്റെ പ്രസംഗം തുടര്‍ന്ന് മോഡിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. കാല്‍ തെറ്റി നിലത്തുവീണ ക്യാമറാമാനെ കൈപിടിച്ച് എഴുന്നേല്‍പ്പിച്ച രാഹുല്‍ ഗാന്ധിയുടെ വീഡിയോയ്‌ക്കൊപ്പം ആളുകള്‍ ഏറ്റവും കൂടുതല്‍ താരതമ്യം ചെയ്ത് ഈ വീഡിയോ പ്രചരിപ്പിച്ചതോടെ വീണ്ടും വൈറലായിരുന്നു.

ഭുവനേശ്വറില്‍ രാഹുലിന്റെ സന്ദര്‍ശനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ക്യാമറാമാന്‍ കാല്‍ തെറ്റി നിലത്തു വീഴുകയും അത് കണ്ടയുടനെ അയാളുടെ അടുത്തേക്കെത്തി കൈപിടിച്ച് രാഹുല്‍ എഴുന്നേല്‍പ്പിക്കുകയുമായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

Exit mobile version