പ്രയാഗ്‌രാജ്: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ ഉറച്ച് ഹിന്ദുസംഘടനകള്‍. ഫെബ്രുവരി 21-ന് ക്ഷേത്രത്തിന് തറക്കല്ലിടുമെന്ന് സന്യാസി സമൂഹം പ്രഖ്യാപിച്ചു.
കുംഭമേളയ്ക്കിടെ നടന്ന സന്യാസസമൂഹത്തിന്റെ യോഗത്തിലാണ് പ്രഖ്യാപനം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് രാമക്ഷേത്രനിര്‍മാണവുമായി തന്നെ ഹിന്ദുസംഘടനകള്‍ മുന്നോട്ടുപോവുകയാണെന്നതിന്റെ കൃത്യമായ സൂചനയാണിത്.
തര്‍ക്കഭൂമി ഒഴികെയുള്ള സ്ഥലം ഉടമകള്‍ക്ക് വിട്ടു നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. 31 സെന്റ് മാത്രമാണ് തര്‍ക്കഭൂമിയെന്നും ബാക്കിയുള്ള ഭൂമി ഉടമകള്‍ക്ക് നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. ബാബ്‌റി മസ്ജിദ് നിന്നിരുന്ന 2.71 ഏക്കറില്‍ 31 സെന്റ് മാത്രമാണ് തര്‍ക്കഭൂമിയെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം.
മാത്രമല്ല, ബാബ്‌റി മസ്ജിദ് നിലനിന്നിരുന്ന ഭൂമിക്ക് ചുറ്റുമുള്ള 67 ഏക്കര്‍ ഭൂമി രാമജന്മഭൂമി ന്യാസിന്റെയും മറ്റ് ചെറുക്ഷേത്രങ്ങളുടേതുമാണ്.
ഉത്തര്‍പ്രദേശിലെ ഹിന്ദുത്വവോട്ടുകള്‍ ലക്ഷ്യമിട്ട് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്ന് ഇതോടെ വ്യക്തമാവുകയാണ്.
Discussion about this post