കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയ്ക്ക് ശേഷമുണ്ടായ അക്രമത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിനെ രൂക്ഷമായി വിമര്‍ശിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് രാജ്നാഥ് സിംഗ് മമതയെ വിളിച്ചപ്പോഴാണ് രൂക്ഷമായ പ്രതികരണമുണ്ടായത്. നിങ്ങളുടെ നേതാക്കളേയും അനുയായികളേയും നിലക്ക് നിര്‍ത്തണമെന്നും, സമാധാപരമായി പോകുന്ന ബംഗാളിനെ കലാപഭൂമിയാക്കരുതെന്നും മമത മുന്നറിപ്പ് നല്‍കിയതായിട്ടാണ് റിപ്പോര്‍ട്ട്.
ഇന്നലെ അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലി കടന്ന് പോയ ഉടനെയാണ് ബംഗാളില്‍ അക്രമങ്ങളുണ്ടായത്. കൊല്‍ക്കത്തയില്‍ നിന്നും 150 കിലോമീറ്റര്‍ അകലെയുള്ള കാന്തി നഗരത്തിലാണ് അക്രമ സംഭവങ്ങളുണ്ടായത്. ബസ്സുകളുടെ ചില്ലുകള്‍ തകര്‍ത്തും, മോട്ടോര്‍ ബൈക്കുകളുടെ സീറ്റുകള്‍ കുത്തിക്കീറിയും, തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ പാര്‍ട്ടി ഓഫീസുകള്‍ ആക്രമിച്ചും, ദേശീയ പാതയില്‍ തീ കത്തിച്ച് ഗതാഗതം തടസ്സപ്പെടുത്തിയും രാത്രി വൈകും വരെ അക്രമികള്‍ നഗരത്തില്‍ അഴിഞ്ഞാടി.
പ്രദേശത്ത് വലിയ പോലീസ് സംഘത്തെ വിന്യസിച്ച ശേഷമാണ് സ്ഥിതിഗതികള്‍ ശാന്തമാക്കാന്‍ സാധിച്ചത്. അതേ സമയം അക്രമത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിനും പങ്കുണ്ടെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്സ് താലിബാനി മമതാര് കര്മ്മയായെന്ന് ബിജെപി നേതാവ് സമ്പത്ത് പട്ര തിരിച്ചടിച്ചു.
Discussion about this post