ന്യൂഡല്‍ഹി: വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ മൂക്കിന് തുമ്പില്‍ വന്‍ അഴിമതി. സ്വകാര്യ ധനകാര്യ സ്ഥാപനം ഡിഎച്ച്എഫ്എല്‍ (ദെവാന് ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ്) 31,000 കോടിരൂപയുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയതായി കോബ്രാ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അന്വേഷണാത്മക പത്രപ്രവര്‍ത്തക വെബ്സൈറ്റാണ് കോബ്രാ പോസ്റ്റ്. ബിജെപിക്ക് അനധികൃതമായി 19.5 കോടിരൂപയുടെ സംഭാവനയും ഡിഎച്ച്എഫ്എല്‍ നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാങ്ക് വായ്പകളിലൂടെയാണ് ഡിഎച്ച്എഫ്എല്‍ തട്ടിപ്പ് നടത്തിയത്. കോര്‍പ്പറേറ്റ് വായ്പകള്‍ വഴിതിരിച്ചുവിട്ട് ഇല്ലാത്ത കമ്പനികളിലൂടെ പണം തിരിമറി നടത്തിയും വിദേശത്ത് ആസ്തികള്‍ വാങ്ങിയും പണം അനധികൃതമായി വിനിയോഗിച്ചു. ശ്രീലങ്കയിലെ ഒരു ക്രിക്കറ്റ് ടീമില്‍ ഓഹരികള്‍ വാങ്ങി. ഏതാണ്ട് 4000 കോടിരൂപ ഇത്തരത്തില്‍ ചെലവഴിച്ചെന്ന് കോബ്രാ പോസ്റ്റ് ആരോപിക്കുന്നു.
ബിജെപിക്ക് നല്കിയ സംഭാവനകള്‍ ഡിഎച്ച്എഫ്എല്‍ വഴിയായിരുന്നില്ല. കമ്പനിയുടെ പ്രൊമോട്ടര്‍മാരായ വാധവന്‍ കുടുംബത്തിന്റെ തന്നെ കമ്പനികളായ ആര്‍കെഡബ്ല്യു ഡെവലപ്പേഴ്സ്, സ്കില്‍ റിയല്‍റ്റേഴ്സ്, ദര്ശന് ഡെവലപ്പേഴ്സ് കമ്പനികളിലൂടെ 2014-15, 2016-17 സാമ്പത്തികവര്‍ഷങ്ങളിലാണ് അനധികൃതമായി സംഭാവന നല്‍കിയത്. ലാഭത്തില്‍ നിന്ന് പരമാവധി 7.5 ശതമാനംവരെ സംഭാവനകള്‍ നല്‍കാനാണ് നിയമം അനുവദിക്കുന്നത്. എന്നാല്‍ സംഭാവന നല്കിയ ഒരു കമ്പനിയും ലാഭത്തില്‍ ആയിരുന്നില്ലെന്ന് ഇവര്‍ കണ്ടെത്തിയിരിക്കുകയാണ്.
അതേസമയം, ബിജെപി ഇതുവരെ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല. ഭവന നിര്‍മ്മാണ രംഗത്ത് വായ്പകള്‍ നല്കുന്ന നോണ്‍ ബാങ്കിങ് ഫിനാന്‍ഷ്യല്‍ കമ്പനി ഗണത്തില്‍പ്പെടുന്ന സ്ഥാപനമാണ് ഡിഎച്ച്എഫ്എല്‍.
Discussion about this post