ന്യൂഡല്‍ഹി: അസ്തമിച്ചത് അടിയന്തരാവസ്ഥക്കാലത്ത് ഉദിച്ച് നിന്ന സൂര്യന്‍. അന്തരിച്ച പ്രമുഖ സോഷ്യലിസ്റ്റ് നേതാവും മുന്‍കേന്ദ്രമന്ത്രിയും ജോര്‍ജ് ഫെര്‍ണാണ്ടസിനെ കുറിച്ച് ഓര്‍ക്കാന്‍ ഒരു പിടി നല്ല ഓര്‍മ്മകള്‍ ഇതാ..
സംഭവബഹുലമായ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എന്നും എഴുന്നേറ്റുനിന്നിരുന്ന വ്യക്തിത്വമായിരുന്നു ഈ സോഷ്യലിസ്റ്റിന്റേത്. ഇന്ത്യന്‍ രാഷ്ട്രീയ രംഗത്ത് നാടകീയത എന്ന വാക്ക് അതിന്റെ എല്ലാ അര്‍ഥ തലങ്ങളോടും കൂടെ ജീവിതത്തെ തൊട്ട മറ്റൊരു വ്യക്തിയുണ്ടാകുമോ എന്നത് സംശയമാണ്…
ഇന്ദിര ഗാന്ധിയെപ്പോലും വിറപ്പിച്ച തൊഴില്‍ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ട്രേഡ് യൂണിയന്‍ നേതാവ്, അടിയന്തിരാവസ്ഥയിലെ പൗരാവകാശ നിഷേധങ്ങള്‍ക്കെതിരെ നിര്‍ഭയം പോരാടിയ തീവ്രസോഷ്യലിസ്റ്റ്, കേന്ദ്രമന്ത്രിയായിരിക്കെ കൊക്കക്കോളയുള്‍പ്പെടെയുള്ള കോര്‍പറേറ്റ് കമ്പനികളോട് ഇന്ത്യ വിടാന്‍ കല്‍പിച്ച സാമ്രാജ്യത്വ വിരോധി, ആര്‍എസ്എസിനോട് മൃദുസമീപനം പുലര്‍ത്തിയതിന് ജനതാ പാര്‍ട്ടിയില്‍ കലാപമുയര്‍ത്തിയ മതേതരവാദി എന്നിങ്ങനെ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഏറെ ഉയര്‍ന്നുകേട്ട പേരായിരുന്നു ഫെര്‍ണാണ്ടസിന്റേത്.
മംഗലാപുരത്ത് ഒരു ക്രിസ്ത്യന്‍ കത്തോലിക്ക കുടുംബത്തില്‍ 1930ലായിരുന്നു ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ജനനം. ആത്മീയ പശ്ചാത്തലത്തിലുള്ള കുടുംബമായതിനാല്‍ വൈദികനാകാനായിരുന്നു ആഗ്രഹം. തുടര്‍ന്ന് സെമിനാരിയില്‍ ചേര്‍ന്നെങ്കിലും വൈദികരോടുള്ള എതിര്‍പ്പുമൂലം അവിടം വിട്ടു. ശേഷം സോഷ്യലിസ്റ്റ് ആശയങ്ങള്‍ സലയ്ക്ക് പിടിച്ച് അന്നത്തെ ബോംബെയിലേക്കു വണ്ടികയറി. അവിടെ പത്രത്തില്‍ പ്രൂഫ് വായനക്കാരനായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. അവിടെനിന്നും അനുയോജ്യനായ ഒരു നേതാവിനെ കാത്തിരുന്ന തുറമുഖ തൊഴിലാളികളുടെയും റയില്‍വേ ജീവനക്കാരുടെയും ഇടയിലേക്കായിരുന്നു ഫെര്‍ണാണ്ടസ് ചെന്നെത്തിയത്. റാം മനോഹര്‍ ലോഹ്യയുമായുള്ള പരിചയത്തിലൂടെ പിന്നീട് മുംബൈയിലെ ഒന്നാംനിര ട്രേഡ് യൂണിയന്‍ നേതാവായി അദ്ദേഹം വളര്‍ന്നു. മുംബൈയിലെ പോര്‍ട്ടര്‍മാരെയും ഡ്രൈവര്‍മാരെയും മറ്റു തൊഴിലാളി വിഭാഗങ്ങളെയും സംഘടിപ്പിച്ച് ട്രേഡ് യൂണിയനുകള്‍ക്കു രൂപം നല്‍കി. ആറു ട്രേഡ് യൂണിയനുകളുടെ സ്ഥാപക പ്രസിഡന്റ് ആയിരുന്നു.
അടിയന്തരാവസ്ഥയുടെ നാളുകളില്‍ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന കാഴ്ച അദ്ദേഹത്തിന്റെയുള്ളിലെ പോരാളിയെ ഉണര്‍ത്തി. പിന്നീട് തീപ്പൊരി നേതാവ് എന്ന പേരും വീണു.. ഇന്ദിരാ ഗാന്ധി പ്രസംഗിക്കുന്ന ചടങ്ങില്‍ ഡൈനാമിറ്റ് സ്ഫോടനത്തിന് പദ്ധതിയിട്ടെങ്കിലും പൊളിഞ്ഞു. തുടര്‍ന്ന് അറസ്റ്റിലായി. അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോള്‍ മുഷ്ടി ചുരുട്ടി ജയ് വിളിക്കുന്ന ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ ചിത്രം ടൈം മാഗസിന്‍ ഉള്‍പ്പെടെയുള്ളവയില്‍ അച്ചടിച്ചുവന്നു.
അടിയന്തരാവസ്ഥ നീങ്ങിയപ്പോള്‍ ബിഹാറിലെ മുസാഫര്‍പൂരില്‍ മണ്ഡലത്തില്‍നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച ഫെര്‍ണാണ്ടസ് വിജയം കണ്ടത് മൂന്നു ലക്ഷത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിന്. വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാതിരുന്നിട്ടും ഇംഗ്ലിഷുകാരന്‍ തോല്‍ക്കുന്ന ഇംഗ്ലിഷിലും വാജ്പേയിയെ അമ്പരപ്പിക്കുന്ന ഹിന്ദിയിലും അദ്ദേഹം പ്രസംഗിച്ചു. വാര്‍ത്താവിനിമയം, റയില്‍വേ, പ്രതിരോധ മന്ത്രി സ്ഥാനങ്ങള്‍ വഹിച്ച ജോര്‍ജ് ‘സൈനികരുടെ മന്ത്രി’ എന്നാണു വിശേഷിപ്പിക്കപ്പെടുന്നത്. സിയാച്ചിനില്‍ കഴിയുന്ന സൈനികരെ കാണാന്‍ നാലു വര്‍ഷത്തിനുള്ളില്‍ 38 തവണ ജോര്‍ജ് ജാക്കറ്റണിഞ്ഞു മഞ്ഞുമല കയറി. അപകടങ്ങളുണ്ടാക്കുന്നുവെന്ന ദുഷ്പേരുള്ള സുഖോയ്, മിഗ് വിമാനങ്ങളില്‍ പറന്നു. മരുഭൂമിയില്‍ ടാങ്കുകളോടിക്കുന്ന സൈനികരുടെ സ്ഥിതിയെന്തെന്ന് അറിയാന്‍ രാജസ്ഥാനിലെത്തി.
മൊറാര്‍ജി മന്ത്രിസഭയില്‍ വ്യവസായ മന്ത്രിയായിരിക്കെ കൊക്കോ കോളയോടും ഐബിഎമ്മിനോടും ഇന്ത്യ വിടാന്‍ കല്‍പിച്ച ചരിത്രമുണ്ട് അദേഹത്തിന്. പിന്നീടു ദേശീയ ജനാധിപത്യ സഖ്യത്തിന്റെ കണ്‍വീനറായിരുന്നപ്പോള്‍ കുത്തകകള്‍ക്കു പിന്തുണ നല്‍കിയെന്ന ആരോപണം ഉയര്‍ന്നു. തന്റെ ഏകമകനു ന്യൂയോര്‍ക്കില്‍ ആഗോള സാമ്പത്തിക ഭീമന്‍ ‘ഗോള്‍ഡ്മാന്‍ സാക്സി’ല്‍ ഉന്നത ജോലി സംഘടിപ്പിച്ചു നല്‍കിയെന്ന ആരോപണവും നേരിടേണ്ടി വന്നു.
Discussion about this post