മുസാഫര്‍നഗര്‍ കലാപം: കേസുകള്‍ പിന്‍വലിക്കാന്‍ യോഗിയുടെ നിര്‍ദ്ദേശം

കലാപത്തിന് ശ്രമിച്ച ബിജെപി നേതാക്കന്മാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ മജിസ്ട്രേട്ട് രാജീവ് ശര്‍മ്മ വിസമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍

ലക്നൗ: 2013ല്‍ ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ നടന്ന കലാപവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കാന്‍ ആദിത്യനാഥ് സര്‍ക്കാര്‍. കലാപവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിട്ടുള്ള നൂറ്റിമുപ്പത്തൊന്ന് കേസുകളില്‍ പതിനെട്ട് കേസുകള്‍ പിന്‍വലിക്കാന്‍ ആദിത്യനാഥ് സര്‍ക്കാര്‍ മുസാഫര്‍നഗര്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കി. മുസാഫര്‍നഗറില്‍ നടന്ന കലാപത്തില്‍ അറുപത് പേരാണ് കൊല്ലപ്പെട്ടത്.

കലാപമുണ്ടാക്കല്‍ ആയുധങ്ങള്‍ ദുരുപയോഗം ചെയ്യല്‍, കവര്‍ച്ചാശ്രമം എന്നീ വകുപ്പുകള്‍ പ്രകാരം രജിസ്റ്റര്‍ ചെയ്ത കേസുകളാണ് പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കലാപത്തിന് ശ്രമിച്ച ബിജെപി നേതാക്കന്മാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കാന്‍ ജില്ലാ മജിസ്ട്രേട്ട് രാജീവ് ശര്‍മ്മ വിസമ്മതിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ ഫെബ്രുവരിയില്‍ ബിജെപി എംപി സഞ്ചീവ് ബല്യാനിന്റെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിയെ കണ്ട് കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ സംസ്ഥാന സര്‍ക്കാര്‍ കേസുകളുടെ റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും പൊതുതാല്പര്യാര്‍ത്ഥം കേസുകള്‍ പിന്‍വലിക്കാന്‍ ആലോചിക്കുകയുമായിരുന്നു.

കഴിഞ്ഞ ഓഗസ്റ്റില്‍ ജില്ലാ ഭരണകൂടം ഇതിനെ എതിര്‍ത്തിരുന്നു. ജില്ലാ ഭരണകൂടത്തിന്റെ എതിര്‍പ്പിനെ മറികടന്നാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാനുള്ള നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍, നിലവില്‍ പിന്‍വലിക്കുന്നവയൊന്നും രാഷ്ട്രീയക്കാര്‍ പ്രതികളായ കേസുകളല്ലെന്നും റിപ്പോര്‍ട്ടുണ്ട്.

Exit mobile version