ബംഗളൂരു; ഭൂരിഭാഗം അച്ഛനമ്മന്മാരും പറയാന്‍ ആഗ്രഹിക്കുന്ന ഒന്നാണ് മക്കളുടെ വിദ്യാഭ്യാസത്തെ കുറിച്ചും ജോലിയെ കുറിച്ചും. മക്കള്‍ ഡോക്ടറോ, എന്‍ജിനയറോ, പ്രഫസറോ, സിവില്‍ സര്‍വെന്റോ ആണെന്ന് പറയാനാണ് ഭൂരിഭാഗം അച്ഛനമ്മന്മാരും ആഗ്രഹിക്കുന്നത്.
എന്നാല്‍ കര്‍ണാടകയിലുള്ള അമോഖിന്റെ മാതാപിതാക്കള്‍ ഏറെ അഭിമാനത്തോടെയാണ് മകന്‍ കര്‍ഷകനാണെന്ന് പറയുന്നത്. ഇരുപത്തിയഞ്ചുകാരനായ അമോഖ് എസ് ജഗ്തപ്, വെറും കര്‍ഷകനല്ല എംബിഎ പഠിച്ച കര്‍ഷകനാണ്.
ബംഗളൂരുവിലെ ജൈന്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിഎയ്ക്ക് ചേര്‍ന്നുവെങ്കിലും തന്റെ വഴി കൃഷിയാണെന്ന് തിരിച്ചറിഞ്ഞതോടെ അച്ഛന്റെ ഫാം ഹൗസിലേക്ക് കൃഷി ഉപകരണങ്ങളുമായി ഇറങ്ങി.
2004ല്‍ നഗരത്തില്‍ വളരെ അകലെയുള്ള സ്ഥലത്ത് അമോഖിന്റെ അച്ഛന്‍ വാങ്ങിയതാണ് ഫാം ഹൗസ്. അവധി ദിവസങ്ങള്‍ ചെലവഴിക്കാന്‍ അമോഖ് അവിടെ പോകുമായിരുന്നു. പ്രകൃതിയെ അറിയാനും ഇഷ്ടപ്പെടാനും തുടങ്ങുന്നത് അവിടെ നിന്നാണ്. അവിടെ തന്നെയാണ് അമോഖിന്റെ കൃഷി വേരുറപ്പിച്ചത്.
2016 -ല്‍ അമോഖ് ജൈവകൃഷി തുടങ്ങി. വിവിധയിനം ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും നട്ടുപിടിപ്പിച്ചു. തൊഴിലാളികളുടെ കൂലിയും മറ്റ് ചിലവുകളും കഴിച്ച് വര്‍ഷത്തില്‍ ഏഴ് മുതല്‍ പത്തുലക്ഷം വരെ ലാഭമാണ് അമോഖ് നേടുന്നത്. അരി, റാഗി, മുതിര, പപ്പായ, വാഴ, ചിക്കു, ചക്ക, പേരക്ക തുടങ്ങിയവയും വിവിധ മരങ്ങളുമാണ് നടുന്നത്.
കൂടാതെ, ആട്, പശു തുടങ്ങിയ മൃഗങ്ങളേയും വളര്‍ത്തുന്നു. പലതരം കൃഷി ഒരുമിച്ച് ചെയ്യുന്ന രീതിയാണ് ഇവിടെയുള്ളത്. 20 ഏക്കറോളം സ്ഥലത്ത് തെങ്ങുകളുണ്ട്. കൂടാതെ തേക്ക് തുടങ്ങിയ മരങ്ങളും. പത്ത് സ്ഥിരം തൊഴിലാളികളുണ്ട് ഫാമില്‍. വിളവെടുപ്പ് സമയത്ത് കൂടുതല്‍ പേരെ നിയമിക്കും. ഇടനിലക്കാരില്ലാതെ നേരിട്ടാണ് ഇവയെല്ലാം ഉപഭോക്താക്കളിലെത്തിക്കുന്നത്. ഗ്രീന്‍വാലി എന്ന പേരില്‍ ഫാം ഹൗസിനോട് ചേര്‍ന്ന് കടയും ഉണ്ട്. ഇവിടെ പഴങ്ങള്‍, പച്ചക്കറി, തേന്‍, പാല്‍, നെയ്യ് ഇവയെല്ലാം വില്‍പനയുമുണ്ട്.