‘വേശ്യ എന്ന് വിളിച്ച് അധിക്ഷേിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ സ്ത്രീയ്ക്ക് എതിരെ കൊലക്കുറ്റം ചുമത്താനാകില്ല’; അപൂര്‍വ്വ നിരീക്ഷണവുമായി സുപ്രീംകോടതി

കൊല്ലപ്പെട്ട വ്യക്തി മറ്റൊരു പുരുഷനുമായി ബന്ധമുള്ള തന്റെ ഭാര്യയേയും അവരുടെ മകളേയും വേശ്യ എന്ന് വിളിച്ചിരുന്നു.

ന്യൂഡല്‍ഹി: സ്ത്രീയേയും മകളേയും വേശ്യയെന്ന് വിളിച്ചധിക്ഷേപിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ സ്ത്രീക്കെതിരെ കൊലക്കുറ്റം ചുമത്താനാകില്ലെന്ന് സുപ്രീം കോടതി. ഇത്തരം കേസുകളില്‍ കൊലപാതകം ഉള്‍പ്പെടുന്ന ഐപിസി സെക്ഷന്‍ 300 ചുമത്തരുതെന്നും താരതമ്യേനെ കുറഞ്ഞ വകുപ്പായ സെക്ഷന്‍ 299 പ്രകാരം നരഹത്യയ്ക്ക് കേസെടുക്കണമെന്നും കോടതി നിര്‍ദേശിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇന്ത്യന്‍ സമൂഹത്തിലെ ഒരു സ്ത്രീ വേശ്യ എന്ന വിശേഷണം ഇഷ്ടപെടുന്നില്ലെന്നും ഇതിനോട് പ്രതികരിക്കുന്നത് കൊലപാതകത്തില്‍ കലാശിച്ചാല്‍ അത് കൊലപാതകമായി കണക്കാക്കാന്‍ കഴിയില്ലെന്നും മറിച്ച് ഐപിസി 299 പ്രകാരമുള്ള നരഹത്യയാണത് എന്ന് കോടതി നീരിക്ഷിച്ചു.

മദ്രാസ് ഹൈക്കോടതി വിധിച്ച കൊലക്കുറ്റത്തിനെതിരെ സുപ്രീം കോടതിയില്‍ നല്‍കിയ ഹരജിയിലായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. കൊല്ലപ്പെട്ട വ്യക്തി മറ്റൊരു പുരുഷനുമായി ബന്ധമുള്ള തന്റെ ഭാര്യയേയും അവരുടെ മകളേയും വേശ്യ എന്ന് വിളിച്ചിരുന്നു. ഇരുവരും അയല്‍ക്കാരനുമായി ചേര്‍ന്ന് ഭര്‍ത്താവിനെ കൊല്ലുകയായിരുന്നു.

വാക്കാലുള്ള പ്രകോപനം യുവതിയുടെ ആത്മനിയന്ത്രണം നഷ്ടപ്പെടുത്തുന്നതിന് കാരണമായി എന്ന് കോടതി പറഞ്ഞു. വേശ്യ എന്ന പരാമര്‍ശം നടത്തി നിമിഷങ്ങള്‍ക്കം സ്ത്രീ തന്റെ ഭര്‍ത്താവിനെ അക്രമിച്ചതായും ജസ്റ്റിസ് ശാന്തന ഗൗഡര്‍ നിരീക്ഷിച്ചു. സുപ്രീം കോടതി നരഹത്യയ്ക്കുള്ള ശിക്ഷ വിധിച്ചതോടെ സ്ത്രീയുടെ ജയില്‍ കാലാവധി പത്തു വര്‍ഷമായി ചുരുങ്ങി. കൊലപാതകുറ്റം ചുമത്തപ്പെട്ടാല്‍ ചുരുങ്ങിയത് ജീവപര്യന്തം ശിക്ഷ അനുഭവിക്കേണ്ടി വരും.

Exit mobile version