ന്യൂഡല്‍ഹി; പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സമ്മാനമായി ലഭിച്ച ഛത്രപതി ശിവാജി മഹാരാജാവിന്റെ ശില്പം വിറ്റുപോയത് ലേല തുകയേക്കാള്‍ മികച്ച വിലയ്ക്ക്. 1000 രൂപ വിലയിട്ട ശില്പം വിറ്റുപോയത് 22000 രൂപയ്ക്കാണ്.
മോഡിക്ക് വിവിധയിടങ്ങളില്‍ നിന്നായി ലഭിച്ച 1,800ലധികം സമ്മാനങ്ങളാണ് കഴിഞ്ഞ ദിവസം ലേലത്തില്‍ വച്ചത്. ലേലത്തില്‍ ലഭിക്കുന്ന തുക ഗംഗാനദി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന നമാമി ഗംഗ എന്ന പദ്ധതിക്കായി ഉപയോഗിക്കുമെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.
പെയ്ന്റിങ്, പ്രതിമകള്‍, ഷാളുകള്‍, കോട്ടുകള്‍, തലപ്പാവുകള്‍, പരമ്പരാഗത സംഗീതോപകരങ്ങള്‍ തുടങ്ങിയ സമ്മാനങ്ങളാണ് ലേലത്തില്‍ വച്ചത്. ഗൗതംബുദ്ധന്റെ ശില്പങ്ങള്, ഛായാചിത്രങ്ങള്‍, മോഡിയുടെ ചിത്രങ്ങള്‍, മഹാത്മാ ബസ്വേശ്വര പ്രതിമ, സ്വാമി വിവേകാനന്ദന്റെ പ്രതിമ, വെള്ളികൊണ്ടുള്ള ശിവലിംഗ പ്രതിമകള്‍ എന്നിവയാണ് ലേലത്തില്‍ വച്ചിട്ടുള്ളവയില്‍ ഏറ്റവും വിലകൂടിയ സമ്മാനങ്ങള്‍.
രാധയുടെയും കൃഷ്ണയുടേയും പ്രതിമ മാത്രമാണ് ലേലത്തില്‍ സ്വര്‍ണം പൂശിയിട്ടുള്ളവ. 20,000 രൂപയാണ് ഇതിന്റെ വില. 4.76 കിലോ ഭാരമുള്ള ഈ പ്രതിമ സൂറത്തിലെ മാണ്ഡവി നഗര്‍ നഗരസഭ പ്രധാനമന്ത്രിക്ക് സമ്മാനിച്ചതാണ്. 2.22 കിലോ വെള്ളി പൂശിയ സമ്മാനം മുന്‍ ബിജെപി എംപി സി നരസിംഹന് ആണ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചത്. 30,000 രൂപയാണ് ഇതിന്റെ വില.
സാംസ്കാരിക മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദില്ലിയിലെ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ടിലാണ് ലേലത്തിനുള്ള പ്രദര്‍ശനം നടക്കുന്നത്. ജനുവരി 28 മുതല്‍ 29 വരെയാണ് ലേലം നടക്കുക.
Discussion about this post