ന്യൂഡല്‍ഹി: രാജ്യത്ത് നിര്‍മ്മിച്ച അതിവേഗ ട്രെയിന്‍, ‘ട്രെയിന്‍ 18’ ന്റെ പേരുമാറ്റി. ഇനിമുതല്‍ ട്രെയിന്‍ 18 വന്ദേ ഭാരത് എക്സ്പ്രസ് എന്ന്് അറിയപ്പെടുമെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍ അറിയിച്ചു. ജനങ്ങളുടെ ഭാഗത്തു നിന്നും പല പേരുകളും ഉയര്‍ന്നെങ്കിലും വന്ദേ ഭാരത് എക്സ്പ്രസ് എന്ന പേര് തെരഞ്ഞെടുക്കുകയായിരുന്നുവെന്നും മന്ത്രി ഡല്‍ഹിയില്‍ പറഞ്ഞു.
ട്രെയില്‍ വിദേശത്ത് നിര്‍മ്മിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും മെയ്ക്ക് ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്ത്യയില്‍ നിര്‍മ്മിക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടേതാണ്. പൂര്‍ണ്ണമായും ഇന്ത്യയില്‍ നിര്‍മ്മിച്ച ട്രെയിന്‍ ഇന്ത്യക്ക് അഭിമാനമാണ്. മറ്റ് രാജ്യങ്ങളിലേക്ക് ട്രെയിന്‍ കയറ്റി അയക്കാനാണ് തീരുമാനമെന്നും പീയുഷ് ഗോയല്‍ പറഞ്ഞു.
ശീതീകരിച്ച 16 ചെയര്‍കാറുകളാണ് ട്രെയിന് ഉള്ളത്. എന്‍ജിനില്ലാത്ത ട്രെയിന് മുന്നിലും പിന്നിലും ഡ്രൈവര്‍ കാബിനുകളുണ്ടായിരിക്കും. കയറാനും ഇറങ്ങാനുമുള്ള വാതിലുകള്‍ പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആയിട്ടുള്ളതാണ്. ജിപിഎസ് സംവിധാനത്തോടുള്ള സ്ഥലവിവരണവും വൈ ഫൈ ഇന്‍ഫോടെയ്ന്‍മെന്റ് സൗകര്യവും ഉണ്ടായിരിക്കും. പെട്ടെന്ന് വേഗം കുറയ്ക്കാനും കൂട്ടാനും കഴിയുന്ന സംവിധാനവും ട്രെയിനുണ്ട്. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ട്രെയിന്‍ നിര്‍മ്മിച്ചത്. ഇതിന്റെ ട്രയല്‍ റണ്‍ നവംബര്‍ പതിനെട്ടിന് നടന്നിരുന്നു.