ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലുണ്ടായ കലാപത്തില്‍ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക മൊബൈല്‍ ഫോണ്‍ കേസിലെ പ്രധാനപ്രതിയുടെ വീട്ടില്‍. പ്രതി പ്രശാന്ത് നട്ടിന്റെ വീട്ടില്‍നിന്നാണ് ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിന്റെ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തത്. റെയ്ഡില്‍ പോലീസിന് സുബോധ് കുമാറിന്റെ ഫോണ്‍ കൂടാതെ മറ്റ് അഞ്ച് മൊബൈല്‍ ഫോണ്‍ കൂടി ലഭിച്ചിരുന്നു. ഇത് പോലീസ് പരിശോധിച്ചുവരികയാണ്.
ഈ മൊബൈല്‍ ഫോണുകളില്‍നിന്ന് കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് പോലീസ് കരുതുന്നത്. കഴിഞ്ഞ ഡിസംബര്‍ 28-ന് ആണ് പ്രശാന്ത് നട്ടിനെ പോലീസ് ബുലന്ദ്ഷഹര്‍-നോയിഡ അതിര്‍ത്തിയില്‍നിന്നും അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ താനാണ് സുബോധ് കുമാറിനു നേരെ വെടിവച്ചതെന്ന് പ്രശാന്ത് നട്ട് സമ്മതിച്ചിരുന്നു. പ്രശാന്തും മറ്റ് രണ്ടു പേരും ചേര്‍ന്നാണ് കലാപസമയത്ത് സുബോധ് കുമാറിന്റെ റിവോള്‍വര്‍ തട്ടിയെടുത്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു.
മഹവ് ഗ്രാമത്തില്‍ പശുവിന്റെ ജഡം കണ്ടെന്ന ആരോപണം ഉയര്‍ത്തിയാണ് ഒരു സംഘം പോലീസ് സ്റ്റേഷനിലും പരിസരത്തും ആക്രമണം അഴിച്ചുവിട്ടത്. വഴി തടസപ്പെടുത്തിയ ഗ്രാമവാസികളെ പിരിച്ചുവിടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടം പോലീസിനെതിരേ തിരിഞ്ഞതും കല്ലേറുണ്ടായതും. ജനക്കൂട്ടം ഔട്ട്പോസ്റ്റിനും കാറുകള്‍ക്കും തീയിട്ടു.
ഇവരെ നിയന്ത്രിക്കാന്‍ ശ്രമിച്ച ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിനു കല്ലേറില്‍ തലയ്ക്കു പരുക്കേറ്റു. ഇതോടെ ഡ്രൈവര്‍ ഇദ്ദേഹത്തെ ജീപ്പില്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കവെ പിന്തുടര്ന്നെത്തിയ സംഘം സുബോധ് കുമാറിനെ വലിച്ചിറക്കി മഴുകൊണ്ട് വെട്ടിയ ശേഷം റിവോള്‍വര്‍ പിടിച്ചെടുത്ത് വെടിവച്ചു കൊല്ലുകയായിരുന്നു. ഇത് ആസൂത്രിത കലാപമാണെന്ന് പിന്നീട് സാക്ഷിമൊഴികള്‍ സ്ഥിരീകരിച്ചിരുന്നു.
Discussion about this post