പൂനെ: ഒന്നു സ്നേഹം പ്രകടിപ്പിച്ചാല്‍ അതിന്റെ നാലിരട്ടി സ്നേഹം നല്കുന്ന ഒന്നാണ് നായ. അത്യപൂര്‍വ്വ സ്നേഹമാണ് അവര്‍ നമുക്ക് നല്‍കുന്നത്. അത്തരത്തിലൊരു അപൂര്‍വ്വ സ്നേഹത്തിന്റെ കഥയാണ് ഇവിടെയും നിറയുന്നത്. 16 വര്‍ഷം മുന്‍പ് ദത്തെടുത്ത നായ നാളുകള്‍ക്കിപ്പുറം തന്റെ രക്ഷകന്റെ ജീവന് തന്നെ നിലനിര്‍ത്തിയിരിക്കുകയാണ്.
പൂനെയിലുള്ള ഡോക്ടര്‍ രമേഷ് സഞ്ചേതിയാണ് നായയുടെ ഇടപെടല്‍ മൂലം ജീവിതത്തിലേയ്ക്ക് തിരികെ വന്നത്. പതിനാറ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രമേഷ് തന്റെ കോളനിയില്‍ ഒരു കുഞ്ഞുനായയെ കാണുന്നത്. അനാഥയായി കിടന്ന നായക്കുട്ടിയെ ഡോക്ടറും കോളനിയിലുള്ള മൃഗസ്നേഹിയായ അമിത് ഷാ എന്ന സുഹൃത്തും ചേര്‍ന്ന് പരിപാലിക്കാന്‍ തുടങ്ങി. അവള്‍ക്ക് ബ്രൗണിയെന്ന പേരും നല്കി. വീട്ടിലേയ്ക്ക് കൂട്ടിയില്ല. പകരം എല്ലാ ദിവസവം വന്ന് ഭക്ഷണവും മറ്റും നല്കി പരിരക്ഷിച്ചു.
ജനുവരി 23 ന് പതിവ് പോലെ അമിത് ഷാ ബ്രൗണിയ്ക്ക് ഭക്ഷണവുമായി എത്തി. അദ്ദേഹത്തെ കണ്ടതും നായ അസാധാരണമായി പെരുമാറി. ചെറുതായി കരയുകയായിരുന്ന നായ ഭക്ഷണം കഴിക്കാനും വിസമ്മതിച്ചു. ഡോക്ടര്‍ രമേശിന്റെ വീടിന്റെ ജനലിനു മുകളിലേക്ക് മുന്‍കാലുകള്‍ ഉയര്‍ത്തിവെച്ച് നോക്കിയിരുന്നു. ഇതുകണ്ട് അമിത് ഷാ ജനലിലൂടെ നോക്കിയപ്പോള്‍ ഡോക്ടര്‍ വീണുകിടക്കുന്നതാണ് കണ്ടത്.
അദ്ദേഹത്തിന്റെ വീട്ടില്‍ ആ സമയം ആരുമുണ്ടായിരുന്നില്ല. ഉടന്‍ തന്നെ അമിത് വാതില്‍ തകര്‍ത്ത് ഉള്ളില്‍ കടന്നു, അയല്‍ക്കാരുടെ സഹായത്തോടെ ഡോക്ടറെ ആശുപത്രിയില്‍ എത്തിച്ചു. ഹൃദയാഘാതം മൂലമാണ് ഡോക്ടര്‍ തളര്‍ന്ന് വീണത്. ബ്രൗണി സമയോചിതമായി ഇടപ്പെട്ടില്ലായിരുന്നുവെങ്കില് ഡോക്ടറുടെ ജീവന് നഷ്ടപ്പെടുമായിരുന്നു. 14 വയസ് പ്രായമുള്ളപ്പോള്‍ ബ്രൗണിക്ക് അസുഖം വന്നിരുന്നു. അന്ന് രമേഷാണ് ബ്രൗണിയെ പരിചരിച്ചത്. രമേശിന്റെ സ്നേഹവും പരിചരണവുമാണ് ബ്രൗണിയെ മരണത്തില്‍ നിന്നും മടക്കിക്കൊണ്ടുവന്നത്. ആ നന്ദിയാണ് ബ്രൗണി ഇപ്പോള്‍ തിരികെ നല്‍കിയത്.
Discussion about this post