ചെന്നൈ: കേരള-തമിഴ്നാട് സന്ദര്‍ശനത്തിനായി എത്തുന്ന പ്രധാനമന്ത്രി മോഡി ഇന്ന് മധുരൈ എയിംസ് ആശുപത്രിയുടെ തറക്കല്ലിടല്‍ ചടങ്ങ് നിര്‍വഹിക്കും. ഇതിനിടെ പ്രധാനമന്ത്രിക്കെതിരെ സമൂഹിക മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം നടക്കുകയാണ്. ഗോ ബാക്ക് മോഡി എന്ന ഹാഷ് ടാഗോടേയാണ് വിവിധ തമിഴ് സംഘടനകള്‍ പ്രതിഷേധിക്കുന്നത്.
സംസ്ഥാനത്ത് വ്യാപക നാശനഷ്ടമുണ്ടാക്കിയ ഗജ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ് ജനതയെ സഹായിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആരോപണം.
ഗജ ചുഴലിക്കാറ്റില്‍ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് വീട് നഷ്ടമാക്കിയിരുന്നു. കൂടാതെ തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെ 13 പേര്‍ പോലീസിന്റെ വെടിയേറ്റ് മരിക്കാനിടയായ സംഭവത്തില്‍ പ്രധാനമന്ത്രി മൗനം പാലിച്ചു. കാവേരി ജല തര്‍ക്കത്തില്‍ കേന്ദ്രം കര്‍ണാടകക്ക് അനുകൂലമായ നിലപാടെടുത്തു തുടങ്ങിയ ആരോപണങ്ങളും പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്നുണ്ട്. തമിഴ്നാടിന്റെ ഭൂപടത്തില്‍ പെരിയാറിന്റെ ചിത്രം ആലേഖനം ചെയ്ത കാര്‍ട്ടൂണോട് കൂടിയാണ് മോഡിക്കെതിരെയുള്ള പ്രതിഷേധം.
പ്രധാനമന്ത്രി പോകുന്ന വഴികളിലെല്ലാം പ്രതിഷേധം നടത്തുമെന്ന് വൈക്കോയുടെ എംഎഡിഎംകെ അറിയിച്ചിട്ടുണ്ട്. രാവിലെ 11.30 ഓടെയാണ് എയിംസ് ആശുപത്രിയുടെ തറക്കല്ലിടല്‍ ചടങ്ങ്. അത് കഴിഞ്ഞ് മധുരൈ മണ്ടേല നഗറില്‍ സംഘടിപ്പിക്കുന്ന പൊതുപരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും. ഉച്ചയോടെ കേരളത്തിലേക്ക് തിരിക്കും.
അതേസമയം, കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി ചെന്നൈയിലെത്തിയിരുന്ന സന്ദര്‍ഭത്തിലും സമാനമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അന്ന് പ്രധാനമന്ത്രി പങ്കെടുത്ത പരിപാടിക്ക് സമീപത്തായി കറുത്ത ബലൂണുകള്‍ ആകാശത്തേക്ക് പറത്തിക്കൊണ്ടാണ് പ്രതിപക്ഷ സംഘടനകള്‍ പ്രതിഷേധിച്ചത്.
Discussion about this post