ന്യൂഡല്‍ഹി: രാജ്യമെമ്പാടും പടക്കങ്ങളുടെ നിര്‍മ്മാണവും വില്‍പനയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി ഇന്ന് വിധി പ്രസ്താവിച്ചേക്കും. രാജ്യത്തെ വായുമലിനീകരണം നിയന്ത്രിക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് പടക്കങ്ങളുടെ നിര്‍മ്മാണവും വില്‍പനയും നിരോധിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്.
ഹര്‍ജി പരിഗണിച്ചത് ജസ്റ്റിസുമാരായ എ കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ്.വാദം ഓഗസ്റ്റ് 28ന് പൂര്‍ത്തിയായിരുന്നു.
പടക്കനിര്‍മ്മാണത്തൊഴിലാളികളുടെ തൊഴിലെടുക്കാനുള്ള അവകാശം, രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിനു മുമ്പ് പരിഗണിക്കേണ്ടതുണ്ടെന്ന് മുമ്പ് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
പടക്കനിര്‍മാതാക്കള്‍ നേരത്തെ കോടതിയോട് പടക്കങ്ങളുടെ നിര്‍മ്മാണവും വില്‍പനയും പൂര്‍ണ്ണമായി നിരോധിക്കരുതെന്നും പകരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും അഭ്യര്‍ഥിച്ചിരുന്നു.