ന്യൂഡല്‍ഹി: അയോധ്യ കേസ് പുതിയ അഞ്ചംഗഭരണഘടന ബെഞ്ച് പരിഗണിക്കും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, ജസ്റ്റിസ്മാരായ എസ്എ ബോബ്ഡേ, ഡിവൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്, അബ്ദുള്‍ നസീര്‍ എന്നിവര്‍ അടങ്ങുന്നതാണ് പുതിയ ബെഞ്ച്.
ജസ്റ്റിസ് യുയു ലളിത് പിന്മാറിയതിനെ തുടര്‍ന്നാണ് അഞ്ചംഗഭരണഘടന ബഞ്ച് ചീഫ് ജസ്റ്റിസ് പുനഃസംഘടിപ്പിച്ചത്. മുസ്ലിം സംഘടനകളുടെ അഭിഭാഷകന്റെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ജസ്റ്റിസ് യുയു ലളിത് ഭരണഘടനാ ബഞ്ചില്‍ നിന്ന് ഒഴിവായത്. നേരത്തെ ഉണ്ടായിരുന്ന ബെഞ്ചില്‍ ജസ്റ്റിസ് എന്‍വി രമണയെയും ഒഴിവാക്കിയിട്ടുണ്ട്.
ജനുവരി 29 മുതല്‍ സുപ്രീം കോടതി അയോധ്യ കേസില്‍ വാദം കേള്‍ക്കും. അന്തിമ വാദം കേള്‍ക്കുന്ന തീയതിയും സമയ ക്രമവും അന്നേ ദിവസം തീരുമാനിക്കും.കേസുമായി ബന്ധപ്പെട്ട് 16 ഹര്‍ജികളാണ് കോടതിയിലുള്ളത്. 15800 പേജ് സാക്ഷിമൊഴികളും 15 ട്രങ്ക്പെട്ടികള്‍ നിറയെ രേഖകളുമടക്കം പുതിയ ബെഞ്ച് പരിഗണിക്കും.
Discussion about this post