‘അമ്മ പറയുന്നതാണെന്ന് വിചാരിക്കൂ, മോളെ മാന്യമല്ലാത്ത വസ്ത്രങ്ങള്‍ ധരിക്കരുത് നമുക്ക് ഒരു മഹത്തായ സംസ്‌കരമില്ലേ, ലോകത്തിനു മുന്‍പില്‍ നമ്മള്‍ മാതൃക ആകേണ്ടവരല്ലേ, ഈ പ്രായത്തില്‍ മോഡേണ്‍ ആയി വസ്ത്രം ധരിക്കാനൊക്കെ തോന്നും, സ്വാഭാവികമാണ് പക്ഷെ അന്തസ്സും സഭ്യതയും വിട്ട് കളിക്കരുതേ …’ പഴയകാല ഹിന്ദി നടി മൗഷുമി ചാറ്റര്‍ജിയുടെ ഈ ‘അമ്മ’ ഉപദേശങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ട്രോള്‍ ആയത്.
ഒരു പരിപാടിക്കിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുന്ന വേളയില്‍ അവതാരകയ്ക്ക് സൗജന്യമായി കൊടുത്ത ഈ ഉപദേശങ്ങള്‍ ആദ്യം കയ്ച്ചെന്നു മാത്രമല്ല, പിന്നീട് ഒട്ട് മധുരിച്ചതുമില്ല. സംഭവം കൈവിട്ട് പോയിട്ടും നടി കുലുങ്ങിയില്ല. ഒരു ഭാരത സ്ത്രീയെന്ന നിലയില്‍ തനിക്ക് ഇതൊക്കെ പറയാന്‍ അവകാശം ഉണ്ടെന്ന് തന്നെയാണ് നടിയുടെ വിശ്വാസം.
അടുത്ത കാലത്ത് ബിജെപിയിലേക്ക് രംഗപ്രവേശനം നടത്തിയ ചാറ്റര്‍ജി മറ്റ് രാഷ്ട്രീയ പ്രവര്‍ത്തകരോടൊപ്പം സൂറത്തില്‍ എത്തിയതായിരുന്നു. രംഗം വഷളായെന്നു കണ്ടപ്പോള്‍ ”ഞാന്‍ പറഞ്ഞത് ഉള്‍ക്കൊള്ളാന്‍ പറ്റില്ലെങ്കില്‍ ക്ഷമിക്കണം എനിക്ക് പറയാതിരിക്കാനാവില്ല, മോളെ പോലെ കരുതിയാണ് ഞാന്‍ പറയുന്നതെന്നൊക്കെയായി” ചാറ്റര്‍ജിയുടെ വാദം.
ക്ഷേത്രങ്ങളിലും മറ്റ് പുണ്യസ്ഥലങ്ങളില്‍ പോകുമ്പോള്‍ ജീന്‍സൊ ട്രൗസറോ ധരിക്കാതെ നിങ്ങള്‍ക്ക് മാന്യതയുള്ള വസ്ത്രങ്ങളായ ചുരിദാറോ സാരിയോ വേണമെങ്കില്‍ ചോളിയോ ഒക്കെ ധരിച്ചൂടെ എന്നായിരുന്നു നടിയുടെ സംശയം.
Discussion about this post